കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പെരിഞ്ഞനം പഞ്ചായത്ത് ജനപ്രതിനിധികൾ ദേശീയപാത നിർമാണം തടഞ്ഞപ്പോൾ.
കയ്പമംഗലം: കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത നിർമാണം തടഞ്ഞ് പെരിഞ്ഞനം പഞ്ചായത്ത് ജനപ്രതിനിധികൾ. ദേശീയപാത 66 ന്റെ നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള വിതരണം തടസപ്പെട്ട് മാസങ്ങൾ പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ചാണ് ദേശീയപാത നിർമാണം തടഞ്ഞത്. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാജുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ദേശീയപാത നിർമാണത്തിനിടെ കുടിവെള്ള പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നാണ് വിവിധ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടത്. കുടിവെള്ള വിതരണം മുടങ്ങിയതോടെ പ്രദേശവാസികൾ മാസങ്ങളായി ദുരിതത്തിലാണ്.
കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത നിർമാണ കമ്പനിയുടെ അധികൃതരെയും വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരെയും പലതവണ സമീപിച്ചെങ്കിലും പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ ആരോപണം.
തകരാറുകൾ പരിഹരിച്ച് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാമെന്ന് ബന്ധപ്പെട്ട അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും ദിവസങ്ങൾ പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് ഇടപെട്ട് ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം ലഭ്യമാക്കുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ച് അടിയന്തരമായി പൈപ്പ് തകരാറുകൾ പരിഹരിക്കണമെന്നും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് സന്ധ്യ സുനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ കെ.എ. കരീം, സ്മിത സന്തോഷ്, ടി.എൽ. ഗോപിനാഥ്, പഞ്ചായത്തംഗങ്ങളായ സായിദ മുത്തുകോയ തങ്ങൾ, പ്രവീൺ കമ്മാറ, പ്രീതി, കെ.സി.രവീന്ദ്രൻ, അമ്പിളി, ജിസി രഘുനാഥ്, ഹഷീറ ബഷീർ, സുധ, ഷംല ഷെഫീഖ്, ബിന്ദു ജയൻ തുടങ്ങിയവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews