തെങ്ങുകളിൽ അനുഭവപ്പെടുന്ന മുരടിപ്പ്, വാട്ടരോഗം മൂലം ഉണങ്ങിയ ഓലകൾ.
ചിറ്റൂർ: കാലാവസ്ഥാ വ്യതിയാനത്തിനും മഴക്കുറവിനും പിന്നാലെ കേരകർഷകർക്കു വിനയായി തെങ്ങുകളിൽ മുരടിപ്പ് രോഗം വ്യാപകമാകുന്നു. മഴക്കുറവിനൊപ്പം കനത്ത ചൂടും കൂടിയതാണ് വിളവിനെ ബാധിച്ചതെന്നു കർഷകർ പറയുന്നു.
തെങ്ങുകളിലെ കായ്ഫലം കുറഞ്ഞതായും മുരടിപ്പ് വ്യാപകമായി കണ്ടുവരുന്നതായും കർഷകർ പറയുന്നു. വേരിന്റെ നനവില്ലാത്തതിനാൽ വളപ്രയോഗവും ഫലപ്രദമാകുന്നില്ല.
നാളികേരത്തിന്റെ വലിപ്പം കുറഞ്ഞതും ചിലതിൽ വെള്ളവും തേങ്ങക്കഴന്പും ഇല്ലാത്തതും കർഷകർ ചൂണ്ടിക്കാട്ടുന്നു. തോട്ടങ്ങളിലെത്തി വ്യാപാരികൾ നാളികേരം ശേഖരിക്കുന്പോൾ പത്തുശതമാനത്തിലധികവും വരൾച്ച മുരടിച്ചവയാണ്.
ഇത്തരം രണ്ടു തേങ്ങകളെ ഒരെണ്ണമായി കണക്കാക്കിയാണ് വ്യാപാരികൾ കൊണ്ടുപോകുന്നത്. ഇതും കേരകർഷകനു തിരിച്ചടിയാണ്. കടുത്ത വരൾച്ചയെ തുടർന്നാണ് നെൽകർഷകരൊട്ടാകെ പതിനഞ്ചുവർഷം മുന്പ് തെങ്ങുകൃഷിയിലേക്ക് തിരിഞ്ഞത്.
തുടക്കത്തിൽ ആശാവഹമായിരുന്നെങ്കിലും ഇപ്പോഴെല്ലാം തകിടംമറിഞ്ഞ അവസ്ഥയിലാണ്. കിണർ, കൊക്കർണി അടക്കമുള്ള ജലസംഭരണികളിൽ വെള്ളമില്ലാത്തതും കർഷകർക്കു വിനയായിട്ടുണ്ട്.
നെല്ല്, നാളികേരം മറ്റു കാർഷിക വിളകളെ പരിപോഷിക്കാൻ കൃഷിവകുപ്പിന്റെ വിവിധ സഹായപദ്ധതികളുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇതൊന്നും കർഷകർക്ക് എത്തുന്നില്ലെന്നു മുതിർന്ന കർഷകൻ വി. രാജൻ പറഞ്ഞു.
Tags : NattuVishesham DistrictNews