ബാണാസുര സാഗർ റിസർവോയറിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു.
കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് 2026-2027 വാർഷിക പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ബാണാസുര സാഗർ റിസർവോയറിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
പത്ത് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് റിസർവോയറിൽ നിക്ഷേപിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പൊതുജലാശയങ്ങളിലെ മത്സ്യസന്പത്ത് വർധിപ്പിച്ച് മത്സ്യബന്ധനം ഉപജീവനമാർഗമാക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ജിനി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി. ഹംസ, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അസ്മ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി. സുനീർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ കിരണ് ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാർ, ജില്ലാപഞ്ചായത്ത് അംഗങ്ങൾ, വാർഡ് അംഗം തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham District News DeepikaNews Fish fingerlings