പള്ളുരുത്തി സി- മെറ്റ് നഴ്സിംഗ് കോളജ് കെട്ടിടത്തോടുചേർന്ന് അപകടാവസ്ഥയിൽ നിൽക്കുന്ന മരം.
പള്ളുരുത്തി: പള്ളുരുത്തിയിലെ സർക്കാർ സി- മെറ്റ് നഴ്സിംഗ് കോളജിന്റെ കെട്ടിടത്തോടു ചേർന്ന് അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മരങ്ങൾ വെട്ടിനീക്കാൻ കളക്ടറുടെ ഇടപെടലിനെ തുടർന്ന് നടപടി.
സി-മെറ്റ് കോളജിനോട് ചേർന്ന് നിന്നിരുന്ന രണ്ടു മരങ്ങളാണ് ഏതു നിമിഷവും കെട്ടിടത്തിന് മീതെ വീഴാമെന്ന നിലയിലയിൽ നിന്നിരുന്നത്. ഇതേത്തുടർന്ന്, മരങ്ങൾ വെട്ടി നീക്കാൻ 2021-ൽ അന്നത്തെ പ്രിൻസിപ്പൽ സോഷ്യൽ ഫോറസ്ട്രി വകുപ്പിന് കത്തയച്ചിരുന്നു. മരം വെട്ടാൻ 2022-ൽ വകുപ്പ് അനുമതിയും നൽകി. കൊച്ചി കോർപറേഷൻ അനുമതിയും ലഭിച്ചു. എന്നാൽ, കോർപറേഷൻ ട്രീ കമ്മിറ്റിയുടെ തീരുമാനപ്രകാരം സബ് കലക്ടറുടെശ്രദ്ധയിൽപ്പെടുത്തിയിട്ടും തുടർനടപടി ഉണ്ടായില്ല.
പൊതുപ്രവർത്തകനും യുവ വെളിച്ചം സെക്രട്ടറിയുമായ ബാബു ഐസക്ക് ജോണാണ് കോളജ് വളപ്പിലെ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ചൂണ്ടിക്കാട്ടി കളക്ടർക്കു പരാതി നൽകിയത്.
ഇതേത്തുടർന്ന്, പള്ളുരുത്തി വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു. രണ്ടു മരങ്ങളും കോളജ് കെട്ടിടത്തിന് അപകടഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന് റിപ്പോർട്ട് നൽകി. തുടർന്ന് ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് വില്ലേജ് ഓഫിസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാന പ്രകാരം ഒരാഴ്ചയ്ക്കുള്ളിൽ മരം മുറിക്കാൻ കളക്ടർ നിർദേശിക്കുകയായിരുന്നു.
Tags : NattuVishesham DistrictNews