ചെമ്പേരി ഫൊറോനയിലെ പാരിഷ് കൗൺസിൽ അംഗങ്ങളുടെ സംഗമം ചെമ്പേരി ബസിലിക്കയിൽ ആർച്ച്ബിഷപ് മാർ ജോസ്ഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്നു.
ചെമ്പേരി: സഭയുടെ വളർച്ചയിൽ അൽമായ നേതൃത്വത്തിന് വലിയ ഉത്തരവാദിത്വവും പ്രാധാന്യവുമുണ്ടെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ചെമ്പേരി ഫൊറോനയിലെ വിവിധ ഇടവകകളിലെ പാരിഷ് കൗൺസിൽ അംഗങ്ങളുടെ സംഗമം ചെമ്പേരി ബസിലിക്കയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. വിശ്വാസ സമൂഹത്തിന്റെ ആത്മീയ, ഭൗതിക മേഖലകളിലെ വളർച്ചയിൽ പാരിഷ് കൗൺസിൽ അംഗങ്ങളുടെ പങ്ക് വളരെ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ ആത്മീയ വിദ്യാഭ്യാസപരമായ വളർച്ചയുടെ പ്രാധാന്യം ഉൾപ്പെടുത്തിയുള്ള 'എഡ്യുസ്പാർക്ക് ' പദ്ധതി വിശദമാക്കി അതിരൂപത മുഖ്യ വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ, പാരിഷ് കൗൺസിൽ അംഗങ്ങളുടെ ഉത്തരവാദിത്വങ്ങൾ സംബന്ധിച്ച് വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, കുടുംബത്തിലും ഇടവകയിലും വിശ്വാസ രൂപീകരണത്തിന്റെ പ്രാധാന്യം ആസ്പദമാക്കി തലശേരി അതിരൂപത ചാൻസലർ ഫാ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ എന്നിവർ ക്ലാസുകൾ നയിച്ചു.
ചെമ്പേരി ഫൊറോനയിലെ പന്ത്രണ്ട് ഇടവകകളിലെയും വികാരിമാരും പാരിഷ് കൗൺസിൽ അംഗങ്ങളും ഉൾപ്പടെ 550 പേർ സംഗമത്തിൽ പങ്കെടുത്തു. ഫൊറോന വികാരിയും ബസിലിക്ക റെക്ടറുമായ ഫാ. തോമസ് തയ്യിൽ, ഫൊറോന കൗൺസിൽ കോ-ഓർഡിനേറ്റർ ഷീൻ വേലിയ്ക്കകത്ത് എന്നിവർ പ്രസംഗിച്ചു. ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. മാർട്ടിൻ തുറയ്ക്കൽ, ഫൊറോന കൗൺസിൽ സെക്രട്ടറി ഷീബ തെക്കേടത്ത് എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ചർച്ചകളിൽ പാരിഷ് കൗൺസിൽ അംഗങ്ങളുടെ സംശയങ്ങൾക്ക് ആർച്ച് ബിഷപ് മറുപടി നൽകി. സ്നേഹ വിരുന്നും നടന്നു.
Tags : NattuVishesham DistrictNews