മട്ടന്നൂർ: ശൈത്യകാല ഷെഡ്യൂളിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പ്രതിവാരം 186 സർവീസുകൾ നടത്തും. എയർഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും ആഴ്ചയിൽ 93 സർവീസുകളാണ് കണ്ണൂരിൽ നിന്നു നടത്തുക. ഇതിൽ 59 അന്താരാഷ്ട്ര സർവീസുകളും 34 ആഭ്യന്തര സർവീസുകളുമുണ്ട്.
അബുദാബിയിലേക്ക് ആഴ്ചയിലേക്ക് 14 സർവീസുകളും ദുബായിലേക്കും ദോഹയിലേക്കും 10 വീതം സർവീസുകളുമുണ്ടാകും. ദുബായിലേക്ക് എട്ടും ഷാർജയിലേക്ക് ഏഴും പ്രതിവാര സർവീസുകളുണ്ട്. ഫുജൈറയിലേക്ക് പ്രതിദിന സർവീസുകളുമുണ്ട്. അബുദാബി, ഫുജൈറ എന്നിവിടങ്ങളിലേക്കുള്ള ഇൻഡിഗോ സർവീസുകൾ ഡിസംബർ ഒന്നിനാണ് തുടങ്ങുക. ജിദ്ദയിലേക്ക് ആഴ്ചയിൽ രണ്ടു സർവീസുണ്ടായിരുന്നത് മൂന്നാക്കി ഉയർത്തി. ഹൈദരാബാദിലേക്ക് നാലു സർവീസുണ്ടായിരുന്നത് അഞ്ചാക്കി. തിരുവനന്തപുരത്തേക്ക് എയർഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ നാലു സർവീസ് നടത്തും. ഇൻഡിഗോയും കൊച്ചി വഴി തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സർവീസ് പുനസ്ഥാപിക്കും.
25 മുതലാണ് ശൈത്യകാല ഷെഡ്യൂൾ തുടങ്ങുന്നത്. അബുദാബി, ബഹറിൻ, ദോഹ, ദുബായ്, ഫുജൈറ, ജിദ്ദ, മസ്ക്കറ്റ്, റാസൽ ഖൈമ, റിയാദ്, ഷാർജ എന്നിവിടങ്ങളിലേക്കാണ് അന്താരാഷ്ട്ര സർവീസുകൾ. കുവൈറ്റ്, ദമാം എന്നിവിടങ്ങളിലേക്ക് ശൈത്യകാല ഷെഡ്യൂളിലും സർവീസില്ല. ബംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, ഹൈദരാബാദ്, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ആഭ്യന്തര സർവീസുകൾ.
Tags : NattuVishesham DistrictNews