ആറളം ഫാം ബ്ലോക്ക് ആറിൽ ആന ചവിട്ടിമറിച്ച റബർമരം.
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനക്കലി തുടരുന്നു. ഫാമിന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നായ റബർ കൃഷിക്കു നേരെയാണ് ഇപ്പോൾ ആനക്കൂട്ടത്തിന്റെ ആക്രമണം. ബ്ലോക്ക് ആറിലെ റബർ മരങ്ങൾ കുത്തിമറിച്ചും തൊലി പൊളിച്ചുതിന്നുമാണ് ആനകൾ വ്യാപകമായി നശിപ്പിക്കുന്നത്. വന്യമൃഗശല്യത്തെത്തുടർന്ന് കൃഷി തകർന്ന ഫാമിന് 2017 മുതൽ ഒമ്പതു വർഷത്തിനിടെ 134 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. ഫാമിനുണ്ടായ കൃഷിനാശത്തിന് വനംവകുപ്പ് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇതുവരെ ഫലപ്രദമായ നടപടികളുണ്ടായിട്ടില്ല.
സർക്കാർ കോടികൾ ചെലവഴിച്ച് വികസനപദ്ധതികൾ നടപ്പാക്കുമ്പോഴും വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് ഫാമിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുകയാണ്. വെയിൽ കടുക്കുന്നതോടെ കാട്ടാനക്കൂട്ടം ഫാമിലും ജനവാസമേഖലകളിലും കൂട്ടത്തോടെ ഇറങ്ങി കൃഷിനശിപ്പിക്കുന്നത് പതിവാണ്. എന്നാൽ ഇത്തവണ നേരത്തേ തന്നെ വന്യമൃഗങ്ങൾ കൂട്ടത്തോടെ എത്തിത്തുടങ്ങിയത് പ്രദേശവാസികളിലും ഫാം അധികൃതരിലും ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ വർഷങ്ങളിലും ആനകൾ വ്യാപകമായി റബർമരങ്ങൾ നശിപ്പിച്ചിരുന്നു. റബർപാൽ സൂക്ഷിച്ചിരുന്ന ബാരലുകളും പാത്രങ്ങളും ഉൾപ്പെടെ നിരവധി തവണ ആനകൾ തകർത്തിട്ടുണ്ട്.
തെങ്ങുകൃഷിക്ക് പേരുകേട്ട ആറളം ഫാമിന്റെ സ്ഥിതി പരിതാപകരമാണ്. ആനകളുടെ ആക്രമണത്തിൽ അരലക്ഷത്തിലേറെ തെങ്ങുകൾ നശിച്ചതോടെ വിശാലമായ തെങ്ങിൻതോട്ടങ്ങൾ തരിശുഭൂമിക്കു സമാനമായി. ഓരോ വിളവെടുപ്പിലും 2.5 ലക്ഷം മുതൽ അഞ്ചുലക്ഷം വരെ നാളികേരം ലഭിച്ചിരുന്ന ഫാമിൽ ഇപ്പോൾ 25,000 മുതൽ 60,000 വരെ മാത്രമാണ് വിളവെടുപ്പ്. അവശേഷിക്കുന്ന തെങ്ങുകൾ സംരക്ഷിക്കാനും ഫാം അധികൃതർ ഏറെ ബുദ്ധിമുട്ടുകയാണ്. കൃഷിയിൽനിന്നുള്ള വരുമാനം കുറഞ്ഞതോടെ ഫാമിന്റെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി. കശുവണ്ടി സീസണിൽ ഫാമിലെത്തുന്ന ആനക്കൂട്ടം കശുവണ്ടിയും പഴങ്ങളും തിന്നുതീർക്കുന്നതിനു പുറമേ കശുമാവുകൾ ചവിട്ടിമറിച്ചും നശിപ്പിക്കുന്നു.
ആനഭീഷണിമൂലം കൃത്യസമയത്ത് വിവെടുപ്പ് നടത്താൻപോലും കഴിയാത്ത സ്ഥിതിയാണ്. വിളവെടുപ്പിന് ഇറങ്ങുന്ന തൊഴിലാളികൾക്ക് സുരക്ഷയൊരുക്കിയാൽ മാത്രമേ കശുവണ്ടി ശേഖരിക്കാൻ കഴിയൂ. കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം കാണണമെങ്കിൽ നിർമാണം പുരോഗമിക്കുന്ന ആനമതിൽ അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെയും ഫാം അധികൃതരുടെയും ആവശ്യം.
Tags : NattuVishesham DistrictNews