പെരിയ മൂന്നാംകടവ് വളവില് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ ലോറി.
പെരിയ: വാഹനയാത്രക്കാരുടെ പേടിസ്വപ്നമായ പെരിയ മൂന്നാംകടവിലെ കൊടുവളവില് തുടര്ച്ചയായ രണ്ടാംദിവസവും വാഹനാപകടം. വളം കയറ്റി വന്ന ലോറി നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേക്ക് മറഞ്ഞു. അപകടത്തില് ഡ്രൈവറായ കണ്ണൂര് പിണറായി സ്വദേശി മിഥിലാജിന് (35) കാലിന് സാരമായി പരിക്കേറ്റു.
ചെങ്കള ഇന്ദിര നഗറിലെ ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല് കണ്ണൂരിലെ സ്വകാര്യാശുപത്രിയിലേക്കു മാറ്റി. ചൊവ്വാഴ്ച പുലര്ച്ചെ 12.20 ഓടെയായിരുന്നു അപകടം. കുണ്ടംകുഴി ഭാഗത്തേക്ക് വളം കയറ്റി പോവുകയായിരുന്ന ലോറി മൂന്നാംകടവ് ഇറക്കത്തില് എത്തിയപ്പോള് നിയന്ത്രണം തെറ്റി മുഹമ്മദ് എന്നയാളുടെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. രണ്ടുദിവസം മുമ്പാണ് ഈ വീടിന്റെ ഗൃഹപ്രവേശനചടങ്ങ് നടന്നത്.
ലോറി പൂര്ണമായും തകര്ന്നു. അകത്തു കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര് സാഹസികമായാണ് രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച പുലര്ച്ചെ സുള്ള്യയില് നിന്നു കാഞ്ഞങ്ങാട്ടേക്ക് കോഴിലോഡുമായി പോവുകയായിരുന്ന പിക്കപ്പ് തലനാരിഴയ്ക്കാണ് താഴ്ചയിലേക്ക് മറിയാതിരുന്നത്.
മൂന്നാംകടവ് വളവിലെ ഇതിനകം അപകടങ്ങളില് ഏഴുപേരുടെ ജീവനുകളാണ് പൊലിഞ്ഞത്. ഗുരുതരമായി പരിക്കേറ്റവര് ഇതിലും എത്രയോ ഇരട്ടിയാണ്. ദേശീയപാതയില് നിന്ന് കുറഞ്ഞ ദൂരത്തില് മലയോരമേഖലയിലേക്കും കര്ണാടകയിലേക്കും എത്താമെന്നതാണ് നല്ല വീതിയുള്ള ഈ മെക്കാഡം റോഡിന്റെ പ്രത്യേകത. എന്നാല് പാലത്തിനു സമീപം കൊടുംവളവും കയറ്റവും ചേരുന്ന ഭാഗത്തെ അശാസ്ത്രീയമായ നിര്മാണമാണ് അപകടങ്ങള്ക്ക് വഴിവയ്ക്കുന്നത്.
പാലം കഴിഞ്ഞുള്ള കയറ്റവും വളവും കാരണം അമിതഭാരവുമായി വരുന്ന വാഹനങ്ങള്ക്ക് നിയന്ത്രണം നഷ്ടപ്പെടാനും പിന്നിലേക്ക് ഉരുളാനും എതിര്ദിശയില് വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനും സാധ്യത ഏറെയാണ്. ഇവിടുത്തെ വൈദ്യുതതൂണ് ഇതിനകം മൂന്നുതവണ മാറ്റി സ്ഥാപിക്കേണ്ടി വന്നതും സ്ഥലത്തെ ഗുരുതരമായ സാഹചര്യം വ്യക്തമാക്കുന്നു. അതിനാല് വാഹനയാത്രക്കാരും പ്രദേശവാസികളും ഏറെ ആശങ്കയിലാണ്.
അപകടമുണ്ടായപ്പോഴെല്ലാം നാട്ടുകാര് റോഡില് കുത്തിയിരിപ്പ് സമരവും പ്രതിഷേധവും നടത്തിയിരുന്നു. ഇതേത്തുടര്ന്ന് അധികൃതര് സ്ഥലത്ത് അളവെടുപ്പ് നടത്തിയിരുന്നു. എന്നാല് അളവെടുപ്പില് മാത്രം നടപടികള് ഒതുങ്ങരുതെന്നും നിലവിലെ റോഡിന്റെ അപകടസാധ്യതകള് പരിശോധിച്ച് അനുയോജ്യമായ പുതിയ അലൈന്മെന്റ് കണ്ടെത്തി ശാസ്ത്രീയമായ രീതിയില് റോഡ് പുനര്നിര്മിക്കാന് അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Tags : NattuVishesham DistrictNews