തലവിൽ-അതിരുകുന്ന് റോഡ് തകർന്ന് യാത്രായോഗ്യമല്ലാതായ നിലയിൽ.
തലവിൽ: പൊട്ടിപ്പൊളിഞ്ഞ് ശോചനീയാവസ്ഥയിലായ തലവിൽ-ലഡാക്ക് (അൽഫോൻസാ നഗർ)-അതിരുകുന്ന് റോഡിലൂടെയുള്ള യാത്ര നാട്ടുകാർക്ക് ദുരിതമാകുന്നു. വിദ്യാർഥികളും രോഗികളും വയോജനങ്ങളും ഉൾപ്പെടെയുള്ളവർ കടുത്ത യാത്രാക്ലേശമാണ് നേരിടുന്നത്. അടിയന്തര നടപടി ആവശ്യപ്പെട്ട് റോഡ് വികസന ആക്ഷൻ കമ്മിറ്റി ചെയർമാൻ കായക്കൂൽ മമ്മുവിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് എംഎൽഎ. ടി.കെ. ഗോവിന്ദന് നിവേദനം നൽകി.
ചപ്പാരപ്പടവ് പഞ്ചായത്ത് പരിധിയിൽ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള റോഡിന് 3.2 കിലോമീറ്റർ നീളമുണ്ട്. ഇതിൽ ഏകദേശം 1.9 കിലോമീറ്റർ ഭാഗത്ത് 2010-ൽ പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം പ്രവൃത്തികൾ നടത്തിയിരുന്നു. രണ്ട് പ്രധാന പൊതുമരാമത്ത് റോഡുകളെ ബന്ധിപ്പിക്കുന്ന ഈ പാതയിലൂടെ സ്കൂൾ ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ദിവസേന സഞ്ചരിക്കുന്നുണ്ട്.
റോഡരികിൽ പ്രവർത്തിക്കുന്ന ഗുഡ് സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിംഗ് സെന്ററിൽ എത്തുന്നവരും റോഡിന്റെ ദുരവസ്ഥമൂലം ബുദ്ധിമുട്ടുകയാണ്. പഞ്ചായത്തംഗങ്ങളായ ജോജി ആനിത്തോട്ടം, എം.പി. ഗോപി, കമ്മിറ്റി അംഗങ്ങളായ ഫാ. ബിനു പൈമ്പിള്ളിൽ, എം.എം. മൈക്കിൾ, എം.സി. ഫിലിപ്പ്, കെ.പി. കുഞ്ഞികൃഷ്ണൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
സമഗ്ര വികസനം യാഥാർഥ്യമാകുന്നതുവരെ നിലവിലെ ദുരവസ്ഥയ്ക്ക് താത്കാലിക പരിഹാരമായി അടിയന്തര റീടാറിംഗ് നടത്തണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. എംഎൽഎ ഫണ്ടോ പ്രളയാനന്തര പുനരുദ്ധാരണ പദ്ധതികളോ മറ്റ് അനുയോജ്യമായ പദ്ധതികളോ പ്രയോജനപ്പെടുത്തി ആവശ്യമായ തുക ലഭ്യമാക്കണമെന്നും അഭ്യർഥിച്ചു.
റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ബിഎം ആൻഡ് ബിസി നിലവാരത്തിൽ വികസിപ്പിക്കുന്നതിന് പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽ വിഷയം എത്തിക്കണമെന്നും ആവശ്യപ്പെട്ടു. വികസനത്തിന് അധിക സ്ഥലം ആവശ്യമെങ്കിൽ സൗജന്യമായി വിട്ടുനൽകാൻ ബന്ധപ്പെട്ട ഭൂവുടമകൾ സന്നദ്ധരാണെന്നും ആക്ഷൻ കമ്മിറ്റി അറിയിച്ചു.
Tags : NattuVishesham DistrictNews