കസ്റ്റഡിയിലെടുത്ത ചന്ദനമുട്ടികൾ.
പഴയങ്ങാടി: തലശേരിയിൽ സ്വർണവ്യാപാരിയായ മഹരാഷട്ര സ്വദേശിയെ തട്ടിക്കൊണ്ടു പോയി സ്വർണം കവർന്ന കേസിലെ പ്രതിയെ ചന്ദനമുട്ടികളും ആയുധങ്ങളുമായി പൊലിസ് അറസ്റ്റ് ചെയ്തു. കല്യാശേരി പാറക്കടവിലെ സനു പി.സന്തോഷിനെയാണ് (42) പയ്യന്നൂർ ഡിവൈഎസ്പി പി.കെ. മണിയും സംഘവും അറസ്റ്റ് ചെയ്തത്. കുടുംബസമേതം കാറിൽ സഞ്ചരിക്കുകയായിരുന്ന മഹാരാഷ്ട്ര സ്വദേശിയെ എടാട്ട് വച്ച് തട്ടിക്കൊണ്ടു പോയി 30 പവനും ഒന്നരക്കോടി രൂപയും കൊള്ളയടിച്ച കേസിലെ പ്രതിയാണ് ഇയാൾ. പൊലിസ് പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ
5 .336 കിലോഗ്രാം ചന്ദന മുട്ടികളും ഒരു എസ് ആകൃതിയിലുള്ള കത്തിയും ഒരു വെട്ടുകത്തിയും മൂന്ന് ഇരുമ്പ് വടികളും കസ്റ്റഡിയിലെടുത്തു. വീടിനോട് ചേർന്ന ഷെഡ്ഡിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ചന്ദനമുട്ടികളും ആയുധങ്ങളും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു പരിശോധന.
മഹാരാഷ്ട്ര സ്വദേശിയെ കൊള്ളയടിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് സ്വർണവും പണവും മറ്റും കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രതിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. പ്രതിയുടെ വീട് കണ്ണപുരം പൊലിസ് സ്റ്റേഷൻ പരിധിയിലായതിനാൽ പ്രതിയെയും കസ്റ്റഡിയിലെടുത്ത ചന്ദനമുട്ടികൾ, ആയുധങ്ങൾ എന്നിവ പയ്യന്നൂർ പൊലിസ് കണ്ണപുരം പൊലിസിന് കൈമാറി. കേസെടുത്ത കണ്ണപുരം പൊലിസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പരിശോധനയിൽ ഡിവൈഎസ്പിക്ക് പുറമെ എസ്ഐ. പ്രകാശൻ, എഎസ് ഐ മാരായ ശ്രീകാന്ത്, മോഹനൻ, സിവിൽ പൊലിസ് ഓഫീസർമാരായ ഷിജു, പ്രതീഷ്, വനിത സിവിൽ പൊലിസ് ഓഫീസർ ശില്പ എന്നിവരും ഉണ്ടായിരുന്നു. സ്വർണകവർച്ച കേസിലെ കൂട്ടുപ്രതിയായ ജിജിലിന്റെ വീട്ടിലും റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
ഇക്കഴിഞ്ഞ ജൂൺ രണ്ടിന് പുലർച്ചെ അഞ്ചിനായിരുന്നു മഹാരാഷ്ട്ര സ്വദേശിയും തലശേരിയിലെ സ്വർണവ്യാപാരിയുമായ കുമാർ ജലന്തർ നിഗമിനെയും കുടുംബത്തെയും വാഹനത്തിലെത്തിയ പന്ത്രണ്ടംഗ സംഘം ആക്രമിച്ച് കാർ തട്ടിയെടുത്ത് കവർച്ച നടത്തിയത്. ഈ കേസിൽ ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്.
Tags : NattuVishesham DistrictNews