ബത്തേരിയിലെ മാതൃ ശിശു ആശുപത്രി.
സുല്ത്താന്ബത്തേരി: ബത്തേരി താലൂക്ക് ആശുപത്രിയില് മതിയായ ഡോക്ടര്മാരുടെയും പരിശോധനാ സംവിധാനങ്ങളുടെയും അഭാവം രോഗികളെ ദുരിതത്തിലാക്കുന്നതായി പരാതി. വയനാട്ടിന് പുറമേ തമിഴ്നാട്-കര്ണാടക അതിര്ത്തി പ്രദേശങ്ങളില് നിന്നുള്ളവരടക്കം നൂറുകണക്കിന് രോഗികള് ദിവസേന ചികിത്സയ്ക്ക് ആശ്രയിക്കുന്നതാണ് ഈ ആതുരാലയം.
രാവിലെ പരിശോധനയ്ക്കായി നല്കുന്ന സാമ്പിളുകളുടെ ഫലം ലഭിക്കാന് വൈകുന്നേരം വരെ കാത്തിരിക്കേണ്ടിവരുന്നതും ഡോക്ടര്മാരുടെ സേവനം ആവശ്യത്തിന് ലഭിക്കാത്തതും രോഗികളെയും കൂട്ടിരിപ്പുകാരെയും ഒരുപോലെ വലയ്ക്കുകയാണ്.
നൂറുകണക്കിന് രോഗികള് ചികിത്സയ്ക്കായി ആശ്രയിക്കുന്ന ആശുപത്രിയില് ആവശ്യമായ സൗകര്യങ്ങള് ഒരുക്കി സേവനം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് നിലവിലെ പ്രതിസന്ധി.
സേവനം പരിമിതമെന്ന് പരാതി
ആശുപത്രിയില് പത്ത് ഡോക്ടര്മാരുണ്ടെന്നാണ് പറയുന്നതെങ്കിലും പല ദിവസങ്ങളിലും ആവശ്യത്തിന് ഡോക്ടര്മാരുടെ സേവനം ലഭിക്കുന്നില്ലെന്നാണ് രോഗികളുടെ പരാതി.
ഡോക്ടറെ കാണുന്നതിനും പരിശോധനകള് പൂര്ത്തിയാക്കുന്നതിനുമായി ദീര്ഘനേരം കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകുന്നതായും പറയുന്നു. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടര്മാരെയും മറ്റ് ആരോഗ്യപ്രവര്ത്തകരെയും ഉറപ്പാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഹൃദ്രോഗം, ഗൈനക്കോളജി, ശിശുരോഗം തുടങ്ങിയ പ്രധാന ചികിത്സാ മേഖലകളില് വിദഗ്ധ സേവനം ലഭ്യമല്ലാത്ത സാഹചര്യങ്ങളില് രോഗികള് സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. അടിയന്തര ചികിത്സ ആവശ്യമായവര്ക്ക് സമയബന്ധിതമായി സേവനം ലഭ്യമാക്കാന് ആവശ്യമായ ക്രമീകരണങ്ങള് ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.
ആറുനില കെട്ടിടവും ഉപകരണങ്ങളും
പൂര്ണമായി പ്രയോജനപ്പെടുത്തണം
ആശുപത്രിയുടെ വികസനത്തിനായി നിര്മിച്ച ആറുനില മാതൃശിശു ആശുപത്രി കെട്ടിടവും കോടിക്കണക്കിന് രൂപ ചെലവഴിച്ച് എത്തിച്ച ഉപകരണങ്ങളും പൂര്ണതോതില് പ്രവര്ത്തനസജ്ജമാകാത്തത് ആശങ്കയുയര്ത്തുന്നു. ആധുനിക ചികിത്സാസൗകര്യങ്ങള് ഒരുക്കുന്നതിനായി നിര്മിച്ച കെട്ടിടവും ലഭ്യമായ ഉപകരണങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തിയാല് നിലവിലെ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പൊതുവായ വിലയിരുത്തല്.
ജില്ലാ ആശുപത്രിയാക്കുമെന്ന വാഗ്ദാനം നടപ്പായില്ല
ബത്തേരി താലൂക്ക് ആശുപത്രിയെ കൂടുതല് സൗകര്യങ്ങളുള്ള ജില്ലാ ആശുപത്രിയായി ഉയര്ത്തണമെന്ന ആവശ്യ ഏറെക്കാലമായി നിലനില്ക്കുന്നുണ്ട്.
ഭരണസംവിധാനങ്ങള് മാറിയിട്ടും ആശുപത്രിയുടെ അടിസ്ഥാന പ്രശ്നങ്ങള്ക്ക് ശാശ്വത പരിഹാരമുണ്ടാകാത്തതില് നാട്ടുകാര്ക്കിടയില് പ്രതിഷേധമുണ്ട്.
പുതിയ സര്ക്കാര് അധികാരത്തിലെത്തിയതിനു പിന്നാലെയും ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് ഫലപ്രദമായ ഇടപെടലുകള് ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ഉയരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഉള്പ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങളും ബന്ധപ്പെട്ട ആരോഗ്യവകുപ്പ് അധികൃതരും വിഷയത്തില് അടിയന്തരമായി ഇടപെടണമെന്നാണ് രോഗികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
പ്രതികരണം
മാതൃശിശു വിഭാഗം ഉടന് പ്രവര്ത്തനസജ്ജമാക്കണം
നൂറുകണക്കിന് രോഗികള് ദിവസേന ചികിത്സ തേടിയെത്തുന്ന ബത്തേരി താലൂക്ക് ആശുപത്രിയിലെ മാതൃശിശു വിഭാഗം ഉടന് പ്രവര്ത്തനസജ്ജമാക്കണം. മാതൃശിശു വിഭാഗം പ്രവര്ത്തനസജ്ജമാകുന്നതോടെ ഗര്ഭിണികള്ക്കും അമ്മമാര്ക്കും കുട്ടികള്ക്കും മെച്ചപ്പെട്ട ചികിത്സാസൗകര്യം ലഭ്യമാക്കാനാകും. ആശുപത്രിയിലെത്തുന്ന രോഗികള്ക്ക് ആവശ്യമായ പരിശോധനകള് കൃത്യസമയത്ത് നടത്താനും പരിശോധനാഫലങ്ങള് ലഭ്യമാക്കാനും നടപടി സ്വീകരിക്കണം.
പരിശോധനകള്ക്കായി മറ്റു കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് രോഗികള്ക്ക് അധിക സാമ്പത്തിക ബാധ്യതയും സമയനഷ്ടവും സൃഷ്ടിക്കുന്നുണ്ട്. ആശുപത്രിയിലെ ആധുനിക സൗകര്യങ്ങള് പൂര്ണമായി പ്രയോജനപ്പെടുത്തുന്നതിനൊപ്പം ആവശ്യത്തിന് ഡോക്ടര്മാരെയും ലാബ് പരിശോധനാ സംവിധാനങ്ങളും ഉറപ്പാക്കാന് ആരോഗ്യവകുപ്പും ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി ഇടപെടണം.
ബിന്ദു പ്രമോദ് (കൗണ്സിലര് സുല്ത്താന് ബത്തേരി നഗരസഭ)
ബത്തേരി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്ത്തണം
വയനാടിന്റെ കിഴക്കന് മേഖലയിലുള്ളവര്ക്കും ജില്ലയുടെ അതിര്ത്തി പ്രദേശങ്ങളിലെയും സമീപ സംസ്ഥാനങ്ങളിലെയും രോഗികള്ക്കും ഏറെ പ്രയോജനകരമാകുന്ന തരത്തില് ആശുപത്രിയുടെ പ്രവര്ത്തനം വിപുലീകരിക്കണം. വിദഗ്ധ ഡോക്ടര്മാരെയും ആധുനിക ചികിത്സാ സംവിധാനങ്ങളും പരിശോധനാ സൗകര്യങ്ങളും ഒരുക്കി ജില്ലാ ആശുപത്രിയായി ഉയര്ത്തുന്നതിലൂടെ ചികിത്സാ സൗകര്യങ്ങള് വര്ധിപ്പിക്കാനും വിദഗ്ധ ചികിത്സയ്ക്കായി മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന രോഗികളുടെ ബുദ്ധിമുട്ടുകള് കുറയ്ക്കാനും സാധിക്കും. ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്ത്തുന്നതിനുള്ള നടപടികള് സര്ക്കാര് അടിയന്തരമായി സ്വീകരിക്കണം.
പി.എം. ജയശ്രീ (വനിതാ കോണ്ഗ്രസ്-എം ജില്ലാ പ്രസിഡന്റ്)
Tags : Nattuvishesham District News DeepikaNews Bathery Taluk Hospital.