കൊല്ലം: ലഹരിവിപത്തിനെതിരേ ജനാധികാര മുന്നേറ്റം എന്ന സന്ദേശവുമായി കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റി ലഹരിവിരുദ്ധ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. കൊല്ലം രൂപതയുടെ സപ്ത ശതാബ്ദി ജൂബിലി ആഘോഷങ്ങള്‍ക്കായുളള ത്രിവത്സര ലഹരിവിരുദ്ധ കര്‍മപദ്ധതി രൂപീകരണവും ലഹരിവിരുദ്ധ പോരാട്ടങ്ങളുടെ ശാക്തീകരണവും ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചത്. വിവിധ ശുശ്രൂഷാ മേഖലകളില്‍ ലഹരിക്കെതിരേ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ സംഗമത്തില്‍ പങ്കെടുത്തു.
കെസിബിസി ടെമ്പറന്‍സ് കമ്മീഷന് ഡയറക്ടര്‍ ഫാ. ബിനു തോമസ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുളള പോരാട്ടങ്ങളില്‍ ആത്മീയ മുന്നേറ്റവും ജനാധിപത്യപരമായ ഐക്യവും അനിവാരമാണെന്ന് അദ്ദേഹം പറഞ്ഞു. രൂക്ഷമായിക്കൊണ്ടിരിക്കുന്ന മദ്യദുരന്തങ്ങളുടെ സമകാലീന സാഹചര്യത്തില്‍ മദ്യവിമോചന പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തി ഓപ്പറേഷന് തൂഫാന് കൂടുതല്‍ ശക്തവും വ്യാപകവുമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറക്കുന്നതിനും അതുവഴിയുളള മദ്യനിരോധനം നയമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും സംയോജിപ്പിച്ചുകൊണ്ട് രൂപതയുടെ സപ്ത ശതാബ്ദി ജൂബിലി വത്സരത്തില് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളും പോരാട്ടങ്ങളും ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. സമിതി രൂപതാ പ്രസിഡന്റ് യോഹന്നാന് ആന്റണി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ. ജെ. ഡിക്രൂസ്, സുരേഷ് റിച്ചാര്‍ഡ്, മേഴ്സി യേശുദാസ്, ബി.സെബാസ്റ്റ്യന്‍, സീനാ ജോസഫ്, ബിനു മൂതാക്കര, ജോസഫ് അരവിള, സന്തോഷ് സേവ്യര്‍, നാന്‍സി ഫ്രാന്‍സിസ്, കെ.കെ. കോശി എന്നിവര്‍ പ്രസംഗിച്ചു.