പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: ഓപ്പറേഷന് തൂഫാന് ദ നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ലഹരിവിരുദ്ധ റാലിയും സമ്മേളനവും 28ന് രാവിലെ 10.30ന് പായിപ്പാട്ട് നടക്കും.
പായിപ്പാട്, മാടപ്പള്ളി, തൃക്കൊടിത്താനം പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ അയ്യായിരത്തോളം പേര് പങ്കെടുക്കുമെന്ന് വിനു ജോബ് എംഎല്‍എ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, ഡിവൈഎസ്പി എസ്. അഷാദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോട്ടയം ജില്ലയില്‍ ആദ്യമായാണ് സര്‍ക്കാര്‍ ലഹരി വിരുദ്ധ റാലിയും സമ്മേളനവും സംഘടിപ്പിക്കുന്നത്.
പായിപ്പാട് കൊച്ചുപള്ളി ജംഗ്ഷനില്‍നിന്ന് ആരംഭിക്കുന്ന റാലി സുന്ദരിപ്പടി ജംഗ്ഷനില്‍ എത്തുമ്പോള്‍ തുറന്ന ജീപ്പില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കുചേരും. പായിപ്പാട് ടൗണ്‍ചുറ്റി റാലി നക്ഷത്ര ഓഡിറ്റോറിയത്തില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വിനു ജോബ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി കെ.എം.സാബു മാത്യു ആമുഖ സന്ദേശം നല്‍കും.
തൃക്കൊടിത്താനം ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി ലഹരിവിരുദ്ധ സന്ദേശം നല്‍കും. തിരുവല്ല എംഎല്‍എ വര്‍ഗീസ് മാമ്മന്‍, ഏറ്റുമാനൂര്‍ എംഎല്‍എ നാട്ടകം സുരേഷ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്മാന് ജോമി ജോസഫ്, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ആര്. സുനിലാകുമാരി, തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് മോട്ടി മുല്ലശേരി, മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനിമോള്‍ ചാക്കോ, പായിപ്പാട് മുസ്ലിം ജമാഅത്ത് ഇമാം സിറാജുദിന് അല്‍കാസിം, എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് ജി. സുരേഷ്കുമാര്‍, എസ്എന്‍ഡിപി താലൂക്ക് യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട്, ചങ്ങനാശേരി ഡിവൈഎസ്പി എസ്.അഷാദ് തുടങ്ങിയവര്‍ പ്രസംഗിക്കും.