മന്ത്രി പി.സി. വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ് എംപി, റെജി ചെറിയാൻ എംഎൽഎ എന്നിവർ ചേർന്ന് രാജപ്രമുഖൻ ട്രോഫി അരോമ ചുണ്ടന് നൽകുന്നു.
രാമങ്കരി: ആചാരവും സംസ്കാരവും കൂടിച്ചേർന്ന് പ്രസിദ്ധമായി മാറിയ മൂലം ജലോത്സവം വീക്ഷിക്കാൻ ചന്പക്കുളത്ത് പന്പയാറിന്റെ ഇരുകളിലുമായി ജനം തടിച്ചു കൂടിയതോടെ അത് കുട്ടനാടിന്റെ ഉത്സവമായി. നാടിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്നെത്തിയ വള്ളംകളി പ്രേമികളായ ജനലക്ഷങ്ങളെ സാക്ഷി നിർത്തി കന്നിയങ്കത്തിൽ തന്നെ രാജപ്രമുഖൻ ട്രോഫി സ്വന്തമാക്കി അരോമ ചുണ്ടൻ.
നെഹ്റുടോഫിയിലും സിബിഎൽ മത്സരങ്ങളിലും നിരവധി പ്രാവശ്യം വിജയം വരിച്ചിട്ടുള്ള മറ്റു പല പ്രമുഖ ചുണ്ടൻ വള്ളങ്ങളെയും ക്ലബുകളെയും നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഇഞ്ചോടിഞ്ച് നടന്ന മത്സരത്തിൽ അരോമ ബോട്ട് ക്ലബ് ചന്പക്കുളത്താറ്റിൽ തങ്ങളുടെ പുതുചരിത്രം രചിച്ചത്.
മൂലം ജലോത്സവം മുന്നിൽക്കണ്ട് പെട്ടെന്ന് പണിപൂർത്തീകരിച്ച് നീറ്റിലിറക്കിയ ചുണ്ടനിൽ ഏതാനും ദിവസം മാത്രമെടുത്തു നടത്തിയ പരിശീലനത്തിലൂടെയാണ് അരോമ ബോട്ട് ക്ലബ് ഈ വലിയ നേട്ടം കൈവരിച്ചത്. വരുന്ന നെഹ്റു ട്രോഫിയിലും ഇതേ മികവ് ആവർത്തിക്കാൻ കഴിഞ്ഞാൽ അത് ജലോത്സവങ്ങളുടെ തന്നെ ചരിത്രം തിരുത്തിക്കുറിക്കുന്ന ഒന്നാകുമെന്നതിൽ സംശയമില്ല.
രാവിലെ അന്തരീക്ഷം കാർമേഘം മൂടിക്കെട്ടി ഇരുളടഞ്ഞ് നിന്നെങ്കിലും ഉച്ചകഴിഞ്ഞ് ആകാശം തെളിഞ്ഞതോടെ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ളവർക്കു പുറമേ ആലപ്പുഴ, ചങ്ങനാശേരി, കോട്ടയം ജില്ലകളിൽനിന്നുള്ള ജലോത്സവ പ്രേമികൾ വരെ കുട്ടനാട്ടിലേക്ക് ഒഴുക്കിയെത്തി. ഇതോടെ ചന്പക്കുളത്താറിന്റെ ഇരുവശവും സൂചി കുത്താനിടമില്ലാത്ത വിധം ജനസാഗരമായി മാറി.
കൂടാതെ ജലോത്സവവുമായി ബന്ധപ്പെട്ട് ഉയർന്ന അവധി വിവാദവും ഇക്കുറി ജനം തടിച്ചുകൂടുന്നതിനു കാരണമായതായി കണക്കാക്കുന്നു.
മത്സരഫലം
ചുണ്ടൻവള്ളം: ഫസ്റ്റ്: അരോമ ചുണ്ടൻ- കൊല്ലം പൂയപ്പള്ളി അരോമ ബോട്ട് ക്ലബ് സെക്കൻഡ്: നടുഭാഗം ചുണ്ടൻ - നടുഭാഗം ബോട്ട് ക്ലബ്, തേർഡ്: നടുവിലേപ്പറമ്പൻ ചുണ്ടൻ - കുമരകം എൻസിഡിസിബോട്ട് ക്ലബ്
ലൂസേഴ്സ് ഫൈനൽ: ഫസ്റ്റ്: ചമ്പക്കുളം ചുണ്ടൻ -ചമ്പക്കുളം ബോട്ട്ക്ലബ്ബ്, സെക്കൻഡ്: ആയാപറമ്പ് വലിയ ദിവാൻജി ചുണ്ടൻ-നിരണം ബോട്ട് ക്ലബ് , തേർഡ്: കരുവാറ്റ ശ്രീ വിനായകൻ ചുണ്ടൻ- കുമരകം ടൗൺ ബോട്ട് ക്ലബ്
സെക്കൻഡ് ലൂസേഴ്സ്: ചെറുതന പുത്തൻചുണ്ടൻ-കൈനകരി വില്ലേജ് ബോട്ട് ക്ലബ്
വെപ്പ് എ ഗ്രേഡ്: ഫസ്റ്റ്: ഷോട്ട് പുളിക്കത്ര-വെളിയനാട് ജയശ്രീ ബോട്ട് ക്ലബ്, സെക്കൻഡ്: പട്ടേരിപുരയ്ക്കൽ -ന്യൂ കാവാലം ബോട്ട് ക്ലബ്
വെപ്പ് ബി ഗ്രേഡ്: ഫസ്റ്റ്: പുന്നത്ര പുരയ്ക്കൽ-കൊണ്ടാക്കൽ ബോട്ട് ക്ലബ്, നടുഭാഗം
ഇരുട്ടുകുത്തി എ ഗ്രേഡ്: ഫസ്റ്റ്: പി.ജി. കർണൻ-എംബിസി ബോട്ട് ക്ലബ് മേപ്രാൽ, സെക്കൻഡ്: തുരിത്തിതറ-മങ്കൊമ്പ് ബോട്ട് ക്ലബ്
ഇരുട്ടുകുത്തി ബി ഗ്രേഡ്: ഫസ്റ്റ്: സെന്റ് ജോസഫ്-കിംഗ്സ് ബോട്ട് ക്ലബ്, വൈശ്യംഭാഗം, സെക്കൻഡ്: ദാനിയേൽ-മങ്കൊമ്പ് ബോട്ട് കബ്ല്.
Tags : nattuvishesham district news