കടല്‍ ശക്തമായ പുന്നപ്ര ചള്ളിത്തീരം
അന്പലപ്പുഴ: ട്രോളിംഗ് കാലത്ത് ചാകരയെത്തുമെന്ന പ്രതീക്ഷയിൽ വള്ളവും വലയും പുതിക്കിപ്പണിയാൻ ലക്ഷങ്ങൾ ചെലവഴിച്ച പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടക്കെണിയും പട്ടിണിയും ബാക്കി. ട്രോളിംഗ് തുടങ്ങി ദിവസങ്ങൾ പലതു കഴിഞ്ഞിട്ടും കടല്‍ കനിയുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ദൈനംദിന ചിലവ് പോലും ലഭിക്കാതെയാണ് പല വള്ളങ്ങളും കരയ്ക്ക് കയറിയത്. ട്രോളിംഗിൽ കൊയ്ത്ത് പ്രതീക്ഷിച്ച പരമ്പരാഗത വള്ളങ്ങൾക്ക് ഫലത്തിൽ നഷ്ടക്കണക്ക് മാത്രം മിച്ചം.
കഴിഞ്ഞ ഒമ്പതിന് അര്‍ധരാത്രി മുതലാണ് ട്രോളിംഗ് നിലവിൽ വന്നത്. എന്നാൽ, ശക്തമായ കടലാക്രമണവും കാറ്റും തുടരുന്നതിനാൽ കടലിൽ അപൂർവമായി മാത്രമേ പോകാൻ കഴിയുന്നുള്ളൂ.
സാധാരണയായി പുന്നപ്ര മുതൽ കളർകോട് വരെയുള്ള തീരങ്ങളിൽ ചാകരത്തെളിവു കാണാറുള്ള സമയമാണിത്. എന്നാൽ, വള്ളമിറക്കാൻ പറ്റാത്ത അവസ്ഥയാണ് നിലവിൽ.
നൂറുകണക്കിന് പരമ്പരാഗത മത്സ്യതൊഴിലാളികളും ആയിരത്തിലേറെ നീട്ടുവലക്കാരും പൊന്തുവള്ളക്കാരുമുണ്ട് പ്രദേശത്തുണ്ട്. തോട്ടപ്പള്ളി മുതല്‍ വാടക്കല്‍ വരെ തീരങ്ങളില്‍ കടല്‍ ശക്തമായതോടെ പൊന്തുകാരും കടലില്‍ ഇറങ്ങുന്നില്ല. കായംകുളം, നീണ്ടകര, വാഡി തീരങ്ങളെ ആശ്രയിച്ചാൽ ഇവിടെ പ്രതിദിനം 5,000 മുതൽ 10,000 രൂപ വരെ ചെലവുവരും. കൂടാതെ ഇന്ധനത്തിനായി 10,000 മുതൽ 20,000 വരെ രൂപ വേറെയും വേണ്ടിവരും.
വള്ളങ്ങളെ ആശ്രയിച്ചുകഴിയുന്ന അനുബന്ധതൊഴിലാളികളുടെ കാര്യവും ഇതിലേറെ നിരാശയിലാണ്. ഇവർക്ക് മറ്റു തീരങ്ങളിൽപ്പോയി പണിയെടുക്കാനാകില്ല. വള്ളം തീരത്തടുത്താൽ വാഹനത്തിൽ മീൻ എത്തിക്കുന്നതുവരെ നൂറുകണക്കിനു തൊഴിലാളികളാണ് ഒരു വള്ളത്തെ മാത്രം ആശ്രയിച്ചു തൊഴിലെടുക്കുന്നത്.
കൂടാത മതസ്യവിൽപ്പനക്കാർ, ഐസ് ഫാക്ടറി തൊഴിലാളികൾ, മത്സ്യസംസ്കരണശാലകളിലെ ജീവനക്കാർ അടക്കം ആയിരക്കണക്കിനുതൊഴിലാളികൾ വേറെയും. ഇവരെല്ലാം ഇപ്പോൾ പ്രതിസന്ധിയുടെ തീരത്താണ്.
Tags : nattuvishesham district news