മട്ടന്നൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മട്ടന്നൂർ പോലീസ് നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി എംഡിഎംഎയുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു. കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയും അപ്പാർട്ടുമെന്റിൽ ഒളിപ്പിച്ചുവച്ച നിലയിലുമായാണ് എംഡിഎംഎ പിടിച്ചെടുത്തത്. ഉളിയിൽ ആവിലാട് സ്വദേശി കെ.കെ.നൗഷാദ് (48), ചെറുപഴശി സ്വദേശി പി. വജീഹുദ്ദീൻ (32) എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന മട്ടന്നൂരിൽ നിന്നു ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഇന്നോവ കാർ പരിശോധിച്ചപ്പോഴാണ് നൗഷാദ് 1.752 ഗ്രാം എംഡിഎംഎ സഹിതം പിടിയിലായത്. എസ്ഐ യൂനസിന്റെ നേതൃത്വത്തിൽ സിപിഒമാരായ ധനേഷ്, ആദർശ്, മിഥുൻ, നിബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കാശിമുക്കിലെ സ്പാർക്ക് അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് ചെറുപഴശി സ്വദേശി നസീമ മൻസിലിൽ പി. വജീഹുദ്ദീൻ (32) പിടിയിലായത്. ഇയാളിൽ നിന്ന് 0.682 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സബ് ഇൻസ്പെക്ടർ മുഹമ്മദ് ഫൈറൂസിന്റെ നേതൃത്വത്തിൽ സിപിഒമാരായ അനീസ്, റിജിൽ, നിമിൽ, ജോഷ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ശ്രീകണ്ഠപുരം: വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഇരിക്കൂർ പെരുവളത്തുപ്പറമ്പ് തട്ടുപ്പറമ്പിലെ കെ. നജിമുദ്ദീനെയാണ് (32) കഴിഞ്ഞ ദിവസം രാത്രി ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് ഇൻസ്പ്കെടർ ജോബി ജോസും സംഘവും ചേർന്ന് ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ റെയിഡിൽ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. വീട്ടിൽ നിന്നും 2.040 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
അന്വേഷണ സംഘത്തിൽ ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ടി.കെ. വിനോദൻ, അസി.എക്സൈസ് ഇൻസ്പെക്ടർമാരായ കെ. രത്നാകരൻ, കെ.വി. സുരേഷ്, പ്രിവന്റീവ് ഓഫീസർമാരായ എം.പി. ഹാരിസ്, രഞ്ജിത്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽജോസ്, ശ്യാംജിത്ത് ഗംഗാധരൻ, കെ.കെ. വിപിൻ, വുമൺ സിവിൽ എക്സൈസ് ഓഫീസർ അഞ്ജു പീറ്റർ എന്നിവരും ഉണ്ടായിരുന്നു.
Tags : Arrested Nattuvishesham Districte news