താമരശേരി: അസമില്‍ നിന്നും വില്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി അസം സ്വദേശിയെ കോഴിക്കോട് റൂറല്‍ എസ്പി ടി. ഫറാഷിന്റെ കീഴിലുള്ള സംഘം പിടികൂടി.
കൈതപ്പൊയിലില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അസം മോറിഗാവ് കാളികജാരി സ്വദേശി നാസിറുദ്ദീ (25) നെയാണ് 1.75 കിലോ കഞ്ചാവുമായി പിടികൂടിയത്.വീട്ടിലെ റാക്കിനു മുകളില്‍ പ്ലാസ്റ്റിക് കവറിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. നാല് ദിവസം മുന്‍പാണ് ഇയാള്‍ അസമില്‍ നിന്നും കഞ്ചാവുമായി കൈതപ്പൊയിലില്‍ എത്തിയത്.
അസമില്‍ നിന്നും ചെറിയ വിലക്ക് വാങ്ങി എത്തിക്കുന്ന കഞ്ചാവ് പാലക്കാട്, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലും ഇയാള്‍ വില്പന നടത്താറുണ്ട്. അസമില്‍ നിന്നും കിലോക്ക് പതിനായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് അന്‍പതിനായിരം രൂപയ്ക്കാണ് ഇവിടെ ചില്ലറ വില്പന നടത്തുന്നത്. പ്രതിയെ താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു.
ഡന്‍സാഫ് എസ്ഐ രാജീവ് ബാബു, എഎസ്ഐ എന്‍.എം.ജയരാജന്, പി.പി. ജിനീഷ്, താമരശേരി എസ്ഐ ഗൗതംഹരി, സിപിഒ സി.കെ.ശ്രീജിത്ത്, വി.സിനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.