ആക്രമണത്തിൽ പരിക്കേറ്റ ഓമനക്കുട്ടൻ.
അമ്പലപ്പുഴ: ബസ് കാത്തുനിന്ന ഗൃഹനാഥനുനേരേ ആക്രമണം. കണ്ണിനു ഗുരുതരപരിക്ക്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം ഇടത്തിൽ ഓമനക്കുട്ട(61)നുനേരേയാണ് ആക്രമണമുണ്ടായത്. പുന്നപ്ര സഹകരണാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകനെ കാണാൻ പോകാനായി ദേശീയപാതയിൽ കുറവൻതോട് ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുമ്പോൾ രാത്രി 9.45 ഓടെയായിരുന്നു സംഭവം.
ബൈക്കിലെത്തിയ യുവാവ് ഓമനക്കുട്ടനോട് ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു. യുവാവിനെ പരിചയമില്ലാത്തതിനാൽ ബൈക്കിൽ കയറിയില്ല. ഇതോടെ യുവാവ് തന്റെ ഉടുപ്പിന്റെ കോളറിൽ കയറിപ്പിടിക്കുകയും മുഖത്തടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഓമനക്കുട്ടൻ പറഞ്ഞു. സംഭവം കണ്ട് ആളുകൾ ഓടിക്കൂടിയപ്പോഴേക്കും യുവാവ് കടന്നുകളഞ്ഞു. ആക്രമണത്തിൽ കണ്ണിനു സാരമായി പരിക്കേറ്റ ഓമനക്കുട്ടൻ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
ബൈക്കിന്റെ നമ്പർ ഉൾപ്പെടെ പുന്നപ്ര പോലീസിൽ പരാതി നൽകി. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ നിരവധി കേസുകളിലെ പ്രതിയായ വണ്ടാനം ചൂളപ്പറമ്പിൽ അഷ്കറാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തി. ഏതാനും മാസം മുൻപ് കുറവൻതോട് ഒരു ബേക്കറിയിൽ ആക്രമണം നടത്തിയ കേസിലെ പ്രതി കൂടിയാണ് അഷ്കർ. ഇയാൾക്കായി അന്വേഷണമാരംഭിച്ചതായി പോലീസറിയിച്ചു.
Tags : nattuvishesham district news