പ്രതീകാത്മക ചിത്രം
അടൂർ: വനിതാ ഓഡിയോളജിസ്റ്റിനെ ജോലി സ്ഥലത്ത് ആശുപത്രി സൂപ്രണ്ട് മാനസികമായി പീഡിപ്പിച്ചെന്ന് പരാതി. അഞ്ചു വർഷമായി അടൂർ ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഓഡിയോളജിസ്റ്റ് ക്രിസ്റ്റീന ബിനോയിയാണ് പരാതിക്കാരി. അടൂർ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.രചന ചിദംബരത്തിനെതിരേയാണ് പരാതി.
നീതി ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അരോഗ്യ മന്ത്രി, ആരോഗ്യവകുപ്പ് അധികൃതർ, മനുഷ്യാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ എന്നിവർക്ക് ഓഡിയോളജിസ്റ്റ് പരാതി നൽകി. കഴിഞ്ഞ ആറിനാണ് പരാതിക്കാധാരമായ സംഭവം ഉണ്ടാകുന്നത്. ആശുപത്രിയിൽ ഒരു കുട്ടി രക്ഷിതാവിനൊപ്പം കേഴ്വി പരിശോധനയ്ക്ക് എത്തിയിരുന്നു.
കുട്ടിക്ക് 18 വയസിൽ താഴെയാണ് പ്രായം എന്നുള്ളതിനാലും രോഗം ശ്രവണവൈകല്യം ആയതിനാലും ആർബിഎസ്കെ പദ്ധതി പ്രകാരം കേഴ്വി പരിശോധന സൗജന്യമാണ്. ഇതിനാൽ സീറോബിൽ സൗകര്യം ഉണ്ടെന്നും ഇത് ലഭിക്കാൻ കൗണ്ടറിലേക്ക് പോകുവാനും രക്ഷിതാവിനോട് പറഞ്ഞു. കുറച്ചു സമയത്തിനു ശേഷം സൂപ്രണ്ട് ഡോ.രചനാ ചിദംബരം ഓഡിയോമെട്രിക് മുറിയിലെത്തി വിഷയത്തിൽ ഇടപെടുകയും തന്നോട് അപമര്യാദയായി പെരുമാറിയെന്നുമാണ് ക്രിസ്റ്റീനയുടെ പരാതി.
വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി മാനസിക പീഡനത്തിന് ഉത്തരവാദികളായവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും നീതി ഉറപ്പാക്കണമെന്നുമാണ് ക്രിസ്റ്റീന ബിനോയിയുടെ ആവശ്യം.
ഇതിനിടെ ഓഡിയോളജിസ്റ്റിന്റെ ആരോപണം നിഷേധിച്ച് ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി. സൂപ്രണ്ടിന്റെ അനുമതിയില്ലാതെ കുട്ടിയുടെ കൂടെ വന്ന രക്ഷിതാവിനെ സീറോ ബില്ല് ചെയ്യിപ്പിക്കുവാൻ വിട്ടുവെന്നും ഇഎൻടി ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ പരിശോധന നടത്തിയെന്നും സൂപ്രണ്ട് പറയുന്നു.
ഇക്കാരങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും സൂപ്രണ്ട് ഡോ. രചന ചിദംബരം അറിയിച്ചു.