പ്രതീകാത്മക ചിത്രം
നെടുങ്കണ്ടം: കാറ്റിന്റെ കരുത്തും മലനിരകളുടെ സൗന്ദര്യവും അതിരില്ലാത്ത കാഴ്ചകളുമൊരുക്കി സഞ്ചാരികളുടെ മനം കവരുന്ന രാമക്കൽമേട്. ഇടുക്കിയുടെ വിനോദസഞ്ചാര ഭൂപടത്തിൽ ഏറെക്കാലമായി ശ്രദ്ധേയമായ ഇടം നേടിയിട്ടും അതിനനുസരിച്ചുള്ള സമഗ്ര വികസനം ഇപ്പോഴും പാതിവഴിയിലാണ്. പ്രകൃതിയും ഐതിഹ്യവും സാഹസിക വിനോദസഞ്ചാരവും വൈദ്യുതോത്പാദനവും അതിർത്തിക്കാഴ്ചകളുമെല്ലാം ഒരിടത്ത് സംഗമിക്കുന്ന അപൂർവ കേന്ദ്രമാണ് രാമക്കൽമേട്. പശ്ചിമഘട്ടത്തിന്റെ ഉയർന്ന മലനിരകളിൽ സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3500 അടി ഉയരത്തിലാണ് രാമക്കൽമേട്. ഏഷ്യയിലെ ശക്തമായ കാറ്റ് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നായ ഇവിടെ എത്തുന്നവർക്ക് ഏറ്റവും ആദ്യം അനുഭവപ്പെടുന്നത് മലനിരകളിലൂടെ ആഞ്ഞുവീശുന്ന കാറ്റാണ്. കാറ്റിനൊപ്പം മഞ്ഞും വെയിലും മഴയും മാറിമാറിയെത്തുന്ന കാലാവസ്ഥയും രാമക്കൽമേടിന്റെ പ്രത്യേകതയാണ്. തമിഴ്നാടിന്റെ വിശാലമായ സമതലപ്രദേശങ്ങളിലേക്കുള്ള ദൂരക്കാഴ്ചയാണ് മറ്റൊരു പ്രധാന ആകർഷണം. തെളിഞ്ഞ കാലാവസ്ഥയിൽ തേനി, കമ്പം, ഉത്തമപാളയം, ബോഡിനായ്ക്കന്നൂർ തുടങ്ങിയ പ്രദേശങ്ങളുടെ വിശാലമായ ഭൂപ്രകൃതി മലമുകളിൽനിന്ന് ആസ്വദിക്കാം. സന്ധ്യയാകുമ്പോൾ താഴ്വരയിലെ പട്ടണങ്ങളിൽ തെളിയുന്ന വിളക്കുകളും കാഴ്ചയ്ക്ക് മാറ്റുകൂട്ടുന്നു.
രാമന്റെ പാദസ്പർശത്തിന്റെ ഐതിഹ്യം
രാമായണവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് രാമക്കൽമേടിന്റെ പേരിനും പ്രശസ്തിക്കും പിന്നിൽ. സീതയെ അന്വേഷിച്ച് ശ്രീരാമനും ലക്ഷ്മണനും ഈ മലനിരകളിൽ എത്തിയെന്നും രാമൻ പാറയിൽ കാൽവച്ച സ്ഥലമാണ് പിന്നീട് രാമക്കൽമേടെന്ന പേരിൽ അറിയപ്പെട്ടതെന്നുമാണ് പ്രാദേശിക വിശ്വാസം. ഐതിഹ്യവും പ്രകൃതിഭംഗിയും ഒരുമിക്കുന്നതാണ് ഈ മലനിരകളുടെ പ്രത്യേകത.
കുറവൻ–കുറത്തി ശില്പം
രാമക്കൽമേട്ടിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് കുറവൻ–കുറത്തി ശില്പം. ഇടുക്കി അണക്കെട്ടിന്റെ നിർമാണ ചരിത്രവുമായി ബന്ധമുള്ള കുറവൻ–കുറത്തി ദമ്പതികളുടെ സ്മരണയിലാണ് ശില്പം സ്ഥാപിച്ചിരിക്കുന്നത്. ഈ ശില്പം രാമക്കൽമേടിന്റെ പ്രധാന അടയാളങ്ങളിലൊന്നായി മാറി. കൊടുംകാറ്റിലും മഴയിലും മലമുകളിൽ ഉറച്ചുനിൽക്കുന്ന ശില്പവും അതിനു ചുറ്റുമുള്ള വിശാലമായ പ്രകൃതിദൃശ്യങ്ങളും സഞ്ചാരികൾക്ക് മികച്ച കാഴ്ചാനുഭവമാണ് നൽകുന്നത്. കുറവൻ–കുറത്തി ശില്പത്തിനു പുറമേ ഹോൺബിൽ ആകൃതിയിലുള്ള വാച്ച് ടവർ, കുട്ടികളുടെ പാർക്ക്, വിവിധ വ്യൂ പോയിന്റുകൾ എന്നിവയും ഇവിടെയുണ്ട്. ആമപ്പാറ, ആമപ്പാറയിലെ പാറക്കെട്ടുകൾ, ഓഫ് റോഡ് യാത്ര, മലനടപ്പ് തുടങ്ങിയവയും സാഹസിക വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു.
കാറ്റാടിപ്പാടങ്ങളും രാമക്കൽമേടിന്റെ മറ്റൊരു മുഖവും
രാമക്കൽമേടിന്റെ മറ്റൊരു പ്രത്യേകതയാണ് കാറ്റിൽനിന്നുള്ള വൈദ്യുതി ഉത്പാദനം. പുഷ്പക്കണ്ടം, കുറുവിക്കാനം മേഖലകളിലെ കാറ്റാടികൾ മലനിരകളുടെ ഭംഗിക്ക് പുതിയൊരു ദൃശ്യഭാവം നൽകുന്നു. കാറ്റിന്റെ സാധ്യത പ്രയോജനപ്പെടുത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രദേശമെന്ന നിലയിലും രാമക്കൽമേട് ശ്രദ്ധേയമാണ്.അതേസമയം, കോടികൾ മുടക്കി നിർമിച്ച സോളാർ വൈദ്യുതി കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാത്തത് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. 16 കോടി രൂപ ചെലവിൽ നിർമിച്ച സോളാർ വൈദ്യുതി കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് നാല് വർഷമായിട്ടും പ്രവർത്തനസജ്ജമാകാതെ കാടുകയറി നശിക്കുന്ന അവസ്ഥയിലാണ് വൈദ്യുതി ഉത്പാദനത്തിന് വലിയ സാധ്യതയുള്ള രാമക്കൽമേട്ടിൽത്തന്നെ കോടികൾ ചെലവഴിച്ച പദ്ധതി പ്രവർത്തനരഹിതമായി കിടക്കുന്നത് പരിഹരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
ടൂറിസം വികസനത്തിന് പുതിയ പ്രതീക്ഷ
രാമക്കൽമേട് ടൂറിസം കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 1.2കോടി രൂപയുടെ ഭരണാനുമതി സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. സന്ദർശകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും ടൂറിസം കേന്ദ്രത്തിന്റെ മുഖം മിനുക്കുന്നതിനുമുള്ള പദ്ധതികൾ ഇതിലൂടെ ലക്ഷ്യമിടുന്നു. ഇതിനുപുറമേ, രാമക്കൽമേട് ടൂറിസം കേന്ദ്രത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ വിനോദസഞ്ചാര പദ്ധതികൾ നടപ്പാക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ താത്പര്യപത്രം ക്ഷണിച്ചിട്ടുമുണ്ട്. സാഹസിക വിനോദങ്ങൾ, വിനോദപാർക്ക്, സുരക്ഷാ സംവിധാനങ്ങൾ, ഫസ്റ്റ് എയ്ഡ്, സിസിടിവി തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുന്ന വികസനമാണ് നിർദേശിച്ചിരിക്കുന്നത്.
ആയിരങ്ങൾ എത്തുന്നു; അടിസ്ഥാന സൗകര്യങ്ങൾ ഇനിയും പരിമിതം
ദിവസേന ശരാശരി ആയിരത്തോളം സഞ്ചാരികൾ രാമക്കൽമേട്ടിൽ എത്തുന്നതായി ഡിടിപിസി കണക്കുകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഇത്രയും വലിയ സന്ദർശക പ്രവാഹത്തിന് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും പരിമിതമാണെന്നാണ് നാട്ടുകാരുടെ പരാതി. സമഗ്രമായ ടൂറിസം വികസനം, സാഹസിക വിനോദസഞ്ചാരത്തിന് കൂടുതൽ അവസരങ്ങൾ, ശില്പങ്ങളുടെ സംരക്ഷണം, മികച്ച പാർക്കിംഗ് സൗകര്യം, ശുചിമുറികൾ, വിശ്രമകേന്ദ്രങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. നിലവിൽ ഡിടിപിസിയുടെ ടൂറിസം കേന്ദ്രം രാവിലെ 8.30 മുതൽ വൈകുന്നേരം ആറു വരെയാണ് പ്രവർത്തിക്കുന്നത്. മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ് പ്രവേശന നിരക്ക്.
സാഹസിക ടൂറിസത്തിന്റെ വലിയ സാധ്യത
രാമക്കൽമേടിനെ ഒരു സാധാരണ വ്യൂ പോയിന്റായി മാത്രം കാണാതെ സമഗ്രമായ സാഹസിക വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനാകും. മലനടപ്പ്, ഓഫ് റോഡ് ജീപ്പ് സഫാരി, ക്യാംപിംഗ്, പാറകയറ്റം, പ്രകൃതി നിരീക്ഷണം തുടങ്ങിയ മേഖലകളിൽ വലിയ സാധ്യതയാണ് ഇവിടെയുള്ളത്.രാമക്കൽമേടിനോട് ചേർന്ന ആമപ്പാറയിലേക്ക് ജീപ്പ് സഫാരിയും പാറക്കെട്ടുകളിലൂടെയുള്ള യാത്രയും സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് നൽകുന്നത്. അതോടൊപ്പം തമിഴ്നാട്ടിലെ കമ്പം താഴ്വരയും മുന്തിരിത്തോട്ടങ്ങളും ഉൾപ്പെടുത്തി ഒരു സമഗ്ര ടൂറിസം സർക്യൂട്ട് വികസിപ്പിക്കാനും കഴിയും.
രാമക്കൽമേട് മാറണം; വെറും കാഴ്ചാകേന്ദ്രമായി ഒതുങ്ങരുത്
പ്രകൃതിയുടെ അപൂർവ സൗന്ദര്യം കൊണ്ട് സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന രാമക്കൽമേടിന് ഇനിയും വലിയ സാധ്യതകളുണ്ട്. കാറ്റാടിപ്പാടങ്ങൾ, കുറവൻ–കുറത്തി ശില്പം, മലനിരകൾ, തമിഴ്നാടിന്റെ വിശാലമായ കാഴ്ച, ഐതിഹ്യം, സാഹസിക വിനോദസഞ്ചാരം എന്നിവയെല്ലാം ചേർത്തൊരുക്കിയാൽ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ടൂറിസം കേന്ദ്രമായി രാമക്കൽമേടിനെ ഉയർത്താനാകും.എന്നാൽ പ്രഖ്യാപിക്കുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുകയും നിലവിലുള്ള സൗകര്യങ്ങൾ പരിപാലിക്കുകയും വേണം.
കോടികൾ ചെലവഴിച്ച സോളാർ പദ്ധതി പ്രവർത്തനരഹിതമായി കിടക്കുന്ന സാഹചര്യം ആവർത്തിക്കരുതെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് രാമക്കൽമേടിന് ആവശ്യം. കുന്നും കാറ്റും കാഴ്ചകളും ഐതിഹ്യവും കൈവിടാതെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി സാഹസിക ടൂറിസത്തിനും കുടുംബ വിനോദസഞ്ചാരത്തിനും ഒരുപോലെ പ്രാധാന്യം നൽകിയാൽ രാമക്കൽമേട് ഇടുക്കിയുടെ മാത്രമല്ല, കേരളത്തിന്റെതന്നെ പ്രധാന ടൂറിസം ബ്രാൻഡായി മാറും.