മഞ്ഞു പുതയ്ക്കുന്ന വാഗമണ്ണിലെ തേയിലത്തോട്ടം.
തൊടുപുഴ: ഓണത്തിന്റെ അവധി ദിനങ്ങള്‍ ആഘോഷമാക്കാന്‍ സന്ദര്‍ശകര്‍ക്കായി പ്രകൃതിയുടെ ദൃശ്യവിസ്മയങ്ങളൊരുക്കി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കാത്തിരിക്കുന്നു. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ഓണം സീസണ് ഇത്തവണ മഴ കൊണ്ടുപോകുമോയെന്ന ആശങ്ക വിനോദ സഞ്ചാര മേഖലയില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. എങ്കിലും മാനം തെളിയുമെന്നു തന്നെയാണ് ഇവരുടെ പ്രതീക്ഷ. ഇതോടെ ജില്ലയിലേക്കു വിനോദ സഞ്ചാരികളുടെ ഒഴുക്കുമുണ്ടാകുമെന്ന കണക്കൂകുട്ടലിലാണ് എല്ലാ ഒരുക്കങ്ങളുമായി ടൂറിസം സെന്ററുകള്‍ കാത്തിരിക്കുന്നത്. മൂന്നാറിലും വാഗമണ്ണിലുമാണ് ഈ ഓണത്തിനും തിരക്കേറാന്‍ സാധ്യത.
മഞ്ഞുമൂടിക്കിടക്കുന്ന മൂന്നാര്‍ സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാണ്. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന്, ഹൈഡല്‍ പാര്‍ക്ക്, തേയിലത്തോട്ടങ്ങള്‍, ടീ മ്യൂസിയം എന്നിവയാണു പ്രധാന ആകര്‍ഷണം. വ്യൂ പോയിന്റായ ടോപ് സ്റ്റേഷനില്‍നിന്ന് തമിഴ്നാട് താഴ്വാരം വരെ കാണാന്‍ കഴിയും. തമിഴ്നാട് ഫോറസ്റ്റിന്റെ വാച്ച് ടവറും കാണാം. വരയാടുകളുടെ വിഹാര കേന്ദ്രമായ രാജമലയും മൂന്നാറിലെത്തുന്നവര്‍ക്ക് സന്ദര്‍ശിച്ച് മടങ്ങാം. മറയൂര്‍, കാന്തല്ലൂരും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്. മറയൂരില്‍ ചന്ദനക്കാട്, മാന്‍കൂട്ടം, മുനിയറകള്‍, ഇരച്ചില്‍പാറ വെള്ളച്ചാട്ടം, മറയൂര്‍ ശര്‍ക്കര നിര്‍മാണം, ലക്കം വെള്ളച്ചാട്ടം എന്നിവ കാഴ്ചയുടെ വിരുന്നൊരുക്കും. കാന്തല്ലൂരില്‍ ആപ്പിള്‍, സ്ട്രോബറി തോട്ടവും ശീതകാല പച്ചക്കറിക്കൃഷിയുമാണ് ആകര്‍ഷണം.
ശീതകാല പച്ചക്കറി വിളയുന്ന വട്ടവടയും സന്ദര്‍ശിക്കാനാകും. ഇതിനു പുറമേ മൂന്നാറിലെത്തുന്നവര്‍ക്ക് കുണ്ടള ഡാമിലും മാട്ടുപ്പെട്ടി ഡാമിലും ബോട്ടിംഗും ആസ്വദിക്കാം. മാങ്കുളത്തും ആനക്കുളത്തും ഇപ്പോള്‍ ഒട്ടേറെ സഞ്ചാരികളെത്തുന്നുണ്ട്. മിക്കപ്പോഴും കാട്ടാനക്കൂട്ടത്തെ കാണാനാകുന്ന ആനക്കുളം ഇപ്പോള്‍ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്.
ഓണക്കാലത്ത് ഏറെ തിരക്കേറുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് വാഗമണ്‍. പ്രത്യേകിച്ച് മണ്‍സൂണ്‍ സീസണില്‍ മഞ്ഞും തണുപ്പും ആസ്വദിക്കാന്‍ വലിയ തോതില്‍ സന്ദര്‍ശകരെത്തും. മൊട്ടക്കുന്നുകള്‍, പൈന്‍ കാടുകള്‍, തങ്ങള്പാറ, തേയിലത്തോട്ടങ്ങള്‍, അഡ്വഞ്ചര്‍ പാര്‍ക്ക് എന്നിവ ആസ്വദിക്കാം.
എന്നാല്‍ ഇവിടെ സ്ഥാപിച്ച ഗ്ലാസ് ബ്രിഡ്ജ് അടഞ്ഞു കിടക്കുന്നത് സന്ദര്‍ശകരെ നിരാശപ്പെടത്തുന്നുണ്ട്. ബോട്ടിംഗും ട്രെക്കിംഗും ആസ്വദിക്കാന്‍ തേക്കടിയിലും തിരക്കേറിയിട്ടുണ്ട്. ഓഫ് റോഡ് യാത്രയും കുറവന്‍ കുറത്തി ശില്പവും ആസ്വദിക്കാനാകുന്ന രാമക്കല്‍മേട്ടിലും ഓണക്കാലത്ത് തിരക്ക് വര്‍ധിക്കും. ആമയുടെ ആകൃതിയില്‍ കാണാന്‍ കഴിയുന്ന ആമപ്പാറ, ചക്കുപള്ളം പഞ്ചായത്തില്‍ തമിഴ്നാട് അതിര്‍ത്തിയിലുള്ള ചെല്ലാര്‍കോവില്‍ അരുവിക്കുഴി വെള്ളച്ചാട്ടം,കുട്ടിക്കാനത്തെ പൈന്‍ഫോറസ്റ്റ്, അമ്മച്ചിക്കൊട്ടാരം, പരുന്തുംപാറ, പാഞ്ചാലിമേട്, മലങ്കര ജലാശയം, തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം, ആനയിറങ്കല്‍ വെള്ളച്ചാട്ടം എന്നിവയും ഓണക്കാലത്ത് തിരക്കേറുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. ഓണത്തോടനുബന്ധിച്ച് ഇടുക്കി, ചെറുതോണി ഡാമുകളും സന്ദര്‍ശകര്‍ക്കായി തുറന്നിട്ടുണ്ട്.