വിഴിഞ്ഞം : സൈബർ തട്ടിപ്പുകാർ സ്വകാര്യ ബാങ്ക് മാനേജരെയും പറ്റിച്ച് തട്ടിയെടുത്തത് 25 ലക്ഷത്തിൽപരം രൂപ. പൂവാർ സ്വദേശിയായ യുവാവിനാണ് ഇത്രയും രൂപ നഷ്ടപ്പെട്ടത്. തട്ടിപ്പുകാരുടെ വലയിൽ വീണ് പണവും ജോലിയും നഷ്ടമായി കുടുംബ ജീവിതവും തകരാറിലായ യുവാവ് ഒടുവിൽ പൂവാർ പോലീസിൽ പരാതി നൽകി.
കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും അന്തർദേശീയ ബന്ധമുള്ളതായി സംശയിക്കുന്ന തട്ടിപ്പ് സംഘത്തെക്കുറിച്ച് കാര്യമായ വിവരങ്ങൾ ഒന്നുമില്ലാതായി. ഇക്കഴിഞ്ഞ മാർച്ച് 15 മുതലാണ് തട്ടിപ്പിന് തുടക്കമാകുന്നത്. സ്വകാര്യ നന്പറിൽനിന്നും യുവാവിന്റെ ഫോണിലെ വാട് സ് ആപ്പിൽ ഓൺലൈൻ ജോലിയുമായി ബന്ധപ്പെട്ട ഒരു സന്ദേശം വന്നിരുന്നു.
സന്ദേശം പരിശോധിച്ചപ്പോൾ അൻപതോളം പേർ ചേർന്ന ഇ115 എന്ന ഗ്രൂപ്പായിരുന്നു. കാര്യമറിയാതെ ഹായ് അടിച്ച് ഗ്രൂപ്പിൽ കയറിയ യുവാവിന് പിന്നെ പറ്റിയത് അബദ്ധങ്ങൾ മാത്രം. അവർ പറയുന്ന രീതിയിൽ അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചാൽ ഓരോ മാസവും നിക്ഷേപിക്കുന്നതിന്റെ 30 ശതമാനം പണം ലാഭമായി ലഭിക്കുമെന്ന് ഗ്രൂപ്പ് അഡ്മിൻ നിഥിൻ അഗർവാളും സംഘവും പറഞ്ഞ് വിശ്വസിപ്പിച്ചു.
ഓൺലൈൻ ജോലിയാണെന്ന് അറിയിച്ചവർ വാട്സ്ആപ്പ് നമ്പർ വഴി തുടർച്ചയായി മെസേജുകളും അയച്ചു. തൊട്ടടുത്ത ദിവസം ടെലിഗ്രാമിൽ പ്രിയ അഗർവാൾ എന്ന ഐ.ഡിയിൽനിന്ന് ഒരു ലിങ്കും ലഭിച്ചു. ആ ലിങ്കിൽ കയറിയപ്പോൾ തുടക്കത്തിൽ അൻപത് രൂപ ലഭിച്ചു. തുടർന്ന് പലതവണകളായി 10,000 രൂപയോളം അക്കൗണ്ടിൽ എത്തിച്ച ശേഷം യുവാവിന്റെ വിശ്വാസം പിടിച്ചുപറ്റി. അതോടെ എല്ലാം മറന്ന യുവാവ് മാർച്ച് 27 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി സംഘം ആവശ്യപ്പെട്ടതനുസരിച്ച് രണ്ട് അക്കൗണ്ടുകളിൽ നിന്നായി 25,53,533 രൂപ സംഘത്തിന് അയച്ച് നൽകി.
ഒറീസ, മഹാരാഷ്ട്ര, ബീഹാർ, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പതിനെട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് യുവാവിന്റെ പണം എത്തിയതെന്നു പോലീസ് പറയുന്നു. സ്വന്തം അക്കൗണ്ടിൽ ലാഭത്തുക വരാതിരിക്കുമ്പോഴും സംഘം പണം ആവശ്യപ്പെട്ട തോടെയാണ് യുവാവിനു സംശയം തോന്നിയത്. ഇതുവരെ വാങ്ങിയ പണത്തിന്റെ ലാഭ വിഹിതമോ, പണമോ തിരിച്ചു തരാൻ ആവശ്യപ്പെട്ടെങ്കിലും സംഘത്തിൽനിന്ന് മറുപടിയില്ലാതായി. ഇതോടെയാണ് താൻ തട്ടിപ്പിനിരയായ കാര്യം ബോധ്യമായതെന്നു യുവവ് പോലീസിന് മൊഴി നൽകി.
സംഘത്തിന്റെ ഓഫീസ് വിലാസമായി ലഭിച്ച വിവരങ്ങളും തട്ടിപ്പായിരുന്നു. ഇത് മനസിലാക്കിയതോടെയാണ് പരാതിയുമായി യുവാവ് പൂവാർ പോലീസിന്റെ സഹായം തേടിയത്. കുടുംബത്തിലെ പലരോടും കടം വാങ്ങിയ പണമാണു തട്ടിപ്പുകാർ കൊണ്ടുപോയത്. ലക്ഷങ്ങൾ കടക്കാരനായ യുവാവിന് ഉണ്ടായിരുന്ന തൊഴിൽ നഷ്ടമായതോടെ വരുമാനവും ഇല്ലാതായി.
എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ 18 അക്കൗണ്ടുകളിലായി അയച്ചു നൽകിയ പണം തിരിച്ചെടുക്കുകയെന്നത് ഏറെ ശ്രമകരമായ ജോലിയാണെന്നു പോലീസ് പറയുന്നു. തട്ടിപ്പുകാർ ഉപയോഗിക്കുന്നത് എറെയും വ്യാജ അക്കൗണ്ടുകളായിരുക്കുമെന്നതും പണം എത്തിയാലുടൻ ഇവർ പിൻവലിച്ച് കൊണ്ടുപോകുമെന്നതുംഅന്വേഷണത്തെയും ബാധിക്കും.
കംബോഡിയ പോലുള്ള രാജ്യങ്ങളിലിരുന്നു മലയാളികൾ ഉൾപ്പെടെയുള്ള സംഘങ്ങളെക്കൊണ്ട് അന്തർദേശീയ റാക്കറ്റുകൾ നടത്തുന്ന തട്ടിപ്പിൽനിന്ന് പണം തിരികെ പിടിക്കാൻ പലപ്പോഴും കഴിയാറില്ലെന്നും പോലീസ് പറയുന്നു.
Tags : Cyber fraud Bank manager loses Rs 25 lakh