പുതിയപാലത്തെ ബിഗ് സ്ക്രീനിൽ ലോകകപ്പ് ഫുട്ബോൾ മത്സരം കാണുന്നവരുടെ ആവേശം
ആരുടെ കൊടി പറക്കും...?
കോഴിക്കോട്:ഫുട്ബോൾ ലോകകപ്പ് ഫൈനൽ പോരാട്ടം വിരൽത്തുമ്പിലെത്തി നിൽക്കെ, കാൽപന്തുകളിയുടെ ആവേശക്കടലായി മാറാൻ കോഴിക്കോട് പുതിയപാലം. ഫാസ്കോ പുതിയപാലം കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന ലോകകപ്പ് പബ്ലിക് സ്ക്രീനിംഗിൽ കലാശപ്പോര് ഏറ്റവും മികച്ച കാഴ്ചാ അനുഭവമാക്കാനൊരുങ്ങുകയാണ് സംഘാടകര്‍. ഇതിനായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തികഴിഞ്ഞു.
ഒരോ മത്സരവും തീര്‍ത്ത ആവേശം സംഘാടകര്‍ക്ക് അവസാന മണിക്കൂറുകളിലും ഇരട്ടി സന്തോഷമാണ് പകര്‍ന്നു നല്‍കിയിരിക്കുന്നത്. ഫൈനല്‍ പോരാട്ടത്തിന് ശേഷം സമ്മാനദാനവും കഴിഞ്ഞേ സ്ക്രീനുകള്‍ മിഴയടയ്ക്കുകയുള്ളു. ഫൈനല്‍ നടക്കുന്ന വേളയില്‍ ശക്തമായ സുരക്ഷയും പോലീസ് തലത്തില്‍ ഇവിടെഒരുക്കിയിട്ടുണ്ട്. മത്സരിക്കാനിറങ്ങുന്നത് ഫുട്ബോള്‍ ലോകത്തെ കൊമ്പന്മാരാണെന്നിരിക്കേ കാണാനെത്തുന്നവരുടെ എണ്ണവും കൂടും.
നഗരത്തില്‍ ഇത്തവണ ലോകകപ്പ് ഏറ്റവും കൂടുതൽ പേര് കണ്ടത് പുതിയപാലത്തെ ബിഗ് സ്ക്രീനിലാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര് എത്തിയത് അര്‍ജന്റീന -ഇംഗ്ലണ്ട് സെമി ഫൈനലിനാണെന്നാണ് സംഘാടകര്‍ പറയുന്നത്.
കളി കഴിഞ്ഞിട്ടും വിശേഷങ്ങളും വാഗ്വാദങ്ങളുമായി ആരാധകര്‍ പിരിഞ്ഞുപോകാത്ത അവസ്ഥയായിരുന്നു. അര്‍ജന്റീനയെ നേരിടാന്‍ സ്പെയിൻ ഇറങ്ങുമ്പോള്‍ കലാശപ്പോരില്‍ വീര്യം കൂടുമെന്നാണ് ആരാധകര്‍ പറയുന്നത്.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫുട്ബോൾ പ്രേമികൾ ഒന്നിച്ചുകൂടിയതോടെ ഇവിടം കോഴിക്കോടിന്റെ ഔദ്യോഗിക ഫുട്ബോൾ ഹബ്ബായി മാറിയിരിക്കുകയാണ്.കിരീടപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആരാധകരുടെ കാത്തിരിപ്പ് അതിന്റെ ഉച്ചസ്ഥായിയിലാണ്.കളി കാണാനെത്തുന്നവരുടെആർപ്പുവിളികളും പതാകകളും പാട്ടുകളുമെല്ലാം സമീപ നാളുകളില്‍ പുതിയപാലത്തെ ഒരു ഉത്സവപ്പറമ്പാക്കി മാറ്റിയിരിക്കുകയാണ്.
ലോകകപ്പ് ഫൈനലിന്റെ മഹാമേളയ്ക്ക് സാക്ഷ്യം വഹിക്കാൻ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമായിരിക്കും പുതിയപാലത്തേക്ക് ഒഴുകിയെത്തുകയെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. നഗരത്തെ ഒന്നാകെ ഫുട്ബോൾ ലഹരിയിലാഴ്ത്തിയ ആഴ്ചകൾ നീണ്ട ഈ വലിയ ആഘോഷത്തിന് മനോഹരമായ സമാപനമാണ് സംഘാടകര്‍ ലക്ഷ്യം വയ്ക്കുന്നത്.
Tags : Nattuvishesham District News