കോഴിക്കോട്: ബേപ്പൂർ തീരത്ത് മത്സ്യബന്ധനത്തിനിടെ ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് തോണി മറിഞ്ഞു.തോണിയിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളെയും മറ്റ് തൊഴിലാളികൾ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി.
ഇന്നലെ രാവിലെയായിരുന്നു അപകടം.
രാവിലെ ബേപ്പൂരിൽ നിന്നും മല്‍സ്യബന്ധനത്തിനായി കടലിലേക്ക് പോയ ചെറിയ തോണിയാണ് അപകടത്തിൽപ്പെട്ടത്. തീരത്തുനിന്നും അല്പം മാറിയപ്പോൾ പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും പെട്ട് തോണി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
തൊഴിലാളികൾ കടലിലേക്ക് വീണത് ശ്രദ്ധയിൽപ്പെട്ട സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനായി അടുത്തേക്ക് എത്തുകയായിരുന്നു.
അപകടത്തിൽപ്പെട്ട തോണി പൂർണമായും തലകീഴായി മറിഞ്ഞ അവസ്ഥയിലായിരുന്നു. രക്ഷപ്പെടുത്തിയ തൊഴിലാളികളെ പിന്നീട് സുരക്ഷിതമായി തീരത്തെത്തിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
Tags : Local News Nattuvishesham Kozhikode