ബിഷ്ണു മണ്ഡൽ
പോത്താനിക്കാട്: മാത്യു കുഴല്നാടന് എംഎല്‍എയുടെ പൈങ്ങോട്ടൂരിലുളള വീട്ടില്‍ നിന്ന് 50000 രൂപയുടെ ചെമ്പു വയറുകള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയിൽ. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് റാണിനഗര്‍ സ്വദേശി ബിഷ്ണു മണ്ഡലി(24)നെയാണ് കല്ലൂര്‍ക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. മുവാറ്റുപുഴ കൊച്ചങ്ങാടിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.
മുവാറ്റുപുഴ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജയില്‍വാസം കഴിഞ്ഞ് ഇറങ്ങിയതാണ് പ്രതി. പകല്‍ മുഴുവന്‍ മുറിയില്‍ കിടന്നുറങ്ങി വൈകുന്നേരങ്ങളില്‍ പുറത്തിറങ്ങിയാണ് മോഷണം നടത്തിയിരുന്നത്. നിര്‍മാണം നടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ മോഷണം. പൈങ്ങോട്ടൂരിലും പരിസരങ്ങളിലുമുള്ള 25 ലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞവര്‍ഷം മൂവാറ്റുപുഴ കാവിലെ ജനറേറ്റര്‍ കേബിള്‍ മോഷ്ടിച്ചതിനും, മൂവാറ്റുപുഴയിലെ ബിഎസ്എന്‍എല്‍ കെട്ടിടത്തിലെ വിലകൂടിയ ചെമ്പ് വയറുകള്‍ മോഷ്ടിച്ചതിനും, മറ്റൊരു മോഷണത്തിനും ജയിലില്‍ കിടന്ന ഇയാള്‍ ഒന്നരമാസം മുമ്പാണ് ജയിലില്‍ നിന്നും ഇറങ്ങിയത്.
ലഹരിവസ്തുക്കള്‍ വാങ്ങുന്നതിനും ആര്‍ഭാടജീവിതം നയിക്കുന്നതിനുമാണ് മോഷണം നടത്തിയിരുന്നത്. മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര്. മനോജിന്റെ മേല്‍നോട്ടത്തില്‍ കല്ലൂര്‍ക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിബി തോമസിന്റെ നേതൃത്വത്തില്‍ പോത്താനിക്കാട് സ്റ്റേഷന് എസ്ഐമാരായ സി.ആര്. രഞ്ജുമോള്‍, സിജു ജോസഫ്, പി.വി. എല്‍ദോസ്, കെ.കെ. ബിജു, നിജു കെ. ഭാസ്കര്‍, കെ.എ. നിയാസുദ്ദീന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags : NattuVishesham DistrictNews