പരിയാരം: വായന ദിനത്തിൽ ബസ് സ്റ്റോപ്പ് വായനശാലയാക്കി. പഞ്ചായത്ത് 14-ാം വാർഡിൽ വേളൂക്കര സായിവിന്റെ സ്റ്റോപ്പിലെ പുതിയ ബസ് സ്റ്റോപ്പാണ് യാത്രക്കാർക്കായി വായനശാലയായത്.
പറുദീസ റിട്ടയർമെന്റ് ലിവിംഗ് ഹോംസ് എന്ന സ്ഥാപനമാണ് 2.5 ലക്ഷം രൂപ ചെലവഴിച്ച് അതിരപ്പിള്ളി അന്തർസംസ്ഥാന പാതയിൽ ആധുനികരീതിയിൽ ബസ് സ്റ്റോപ്പ് നിർമിച്ച് നൽകിയത്. എന്നാൽ വാർഡ് മെംബർ കൂടിയായ വി.എം. ടെൻസന്റെ ആശയത്തിൽ ലോക വായനദിനവുമായി ബന്ധപ്പെടുത്തി കാത്തിരിപ്പ് കേന്ദ്രം വായനശാലയാക്കി ക്രമീകരിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പിൻവശത്ത് പുസ്തകങ്ങൾ വയ്ക്കുവാൻ പുതിയൊരു ഷെൽഫ് പണികഴിപ്പിച്ചു.
300 ഓളം പുസ്തകങ്ങൾ ശേഖരിച്ചു. ബസ് കാത്തുനിൽക്കുന്ന സമയത്തെ വിരസത ഒഴിവാക്കി, പുസ്തകങ്ങൾ വായിക്കാം എന്നുമാത്രമല്ല പുസ്തകങ്ങൾ രജിസ്റ്ററിൽ എഴുതി വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യാം.
വായനശാലയുടെയും ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി ജോസഫ് നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിപ്സി ജെയ്റ്റസ് വായനദിന സന്ദേശംനൽകി. വാർഡ് മെംബർ വി.എം. ടെൻസൻ, പറുദിസ റിട്ടയർ ലിവിംഗ് ഹോംസിന്റെ മാനേജിംഗ് ഡയറക്ടർ ജീസ് ലാസർ , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി. വിഷ്ണു, ലിജി സെബാസ്റ്റ്യൻ, എം.കെ. അംബിക, ജോസഫ് കറുത്തനാടൻ, എം.എൽ. ജോസഫ്, വി.സി. സ്റ്റാബി, ഷൈനി അശോകൻ, ടി.സി. അനൂപ് എന്നിവർ പ്രസംഗിച്ചു.
Tags : library