പ്രതീകാത്മക ചിത്രം
സുൽത്താൻ ബത്തേരി: നിലന്പൂർ-നഞ്ചൻഗോഡ് റെയിൽപാത, എൻഎച്ച് 766 ലെ രാത്രിയാത്രാ നിരോധനം എന്നിവയിൽ വയനാട്ടിലെ ജനപ്രതിനിധികളുടെ ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് നീലഗിരി വയനാട് എൻഎച്ച് ആൻഡ് റയിൽവേ ആക്ഷൻകമ്മിറ്റി ആവശ്യപ്പെട്ടു. പത്ത് വർഷത്തെ കാത്തിരിപ്പിനും ആക്ഷൻ കമ്മിറ്റിയുടെ സമരപരന്പരകൾക്കുമൊടുവിൽ നിലന്പൂർ-നഞ്ചൻഗോഡ് റയിൽപാതയുടെ വിവിധഘട്ടം സർവേകൾ കഴിഞ്ഞ് സതേണ്‍ റയിൽവേ ഡിപിആർ നടപടികൾ പൂർത്തിയാക്കി.
വനത്തിൽ ടണൽപാത നിർമിക്കാനാണ് ഡിപിആറിലെ നിർദേശം. കേന്ദ്രസർക്കാരിന്റെ നിർമാണ അനുമതിലഭിച്ചാൽ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാം. എന്നാൽ ഇതിനായി സംസ്ഥാന സർക്കാരിന്റെ ശക്തമായ സമ്മർദം ആവശ്യമുണ്ട്. സംസ്ഥാന സർക്കാർ ക്രിയാത്മകമായി മുന്നോട്ട് പോകുന്നുണ്ടങ്കിലും സമയബന്ധിതമായ നടപടികൾ ആവശ്യമുണ്ട്. അതിനുവേണ്ടിയുള്ള ഇടപെടലുകൾ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. പാതയുടെ ചിലവിന്റെ പകുതി വഹിക്കാമെന്ന് ഉമ്മൻചാണ്ടി സർക്കാർ തീരുമാനിച്ചിരുന്നു. ഈ തീരുമാനം സംസ്ഥാന സർക്കാർ കേന്ദ്ര റയിൽ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തണം. മംഗലാപുരം ഭാഗം പാലക്കാട് ഡിവിഷനിൽ നിന്ന് വേർപെടുത്തിയ സാഹചര്യത്തിൽ കേരളത്തിന്റെ നഷ്ടം നികത്താൻ കൂടി നിലന്പൂർ-നഞ്ചൻഗോഡ് റെയിൽപാത അനിവാര്യമാണന്ന നിലപാട് സംസ്ഥാനസർക്കാർ സ്വീകരിക്കണം.
രാത്രിയാത്രാ നിരോധന പ്രശ്നം പരിഹരിക്കാനുള്ള സജീവ ശ്രമങ്ങൾ നടന്ന് വരുന്നുണ്ട്. ആക്ഷൻ കമ്മിറ്റിയുടെ ഇടപെടലിനെത്തുടർന്ന് ബന്ദിപ്പുര വനത്തിൽ ടണൽ പാതനിർമിക്കാനുള്ള പഠനങ്ങൾ നടന്ന് വരുന്നുണ്ട്. കേരള, കർണാടക സർക്കാരുകൾ യോജിച്ച് ടണലിനുള്ള ഡിപിആർ തയാറാക്കിയാൽ നടപടികൾ വേഗത്തിലാക്കാം. ഇതോടൊപ്പം സുപ്രിംകോടതിയിലെ രാത്രിയാത്രാനിരോധനം സംബന്ധിച്ചകേസിൽ സംസ്ഥന സർക്കാർ സീനിയർ അഭിഭാഷകനെ നിയോഗിക്കേണ്ടതുമുണ്ട്.
ഈ കാര്യങ്ങൾ ഉന്നയിച്ച് വരും ദിവസങ്ങളിൽ പ്രിയങ്ക ഗാന്ധി എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായും സംസ്ഥാന സർക്കാരുമായും ആക്ഷൻ കമ്മിറ്റി ചർച്ചനടത്തും.
യോഗത്തിൽ കണ്‍വീനർ ടി.എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, പി.വൈ. മത്തായി, എം.എ. അസൈനാർ, രാജൻതോമസ്, ജോസ് കപ്യാർമല, അബ്ദുൾ റസാഖ്, എൽദോ കുര്യാക്കോസ്, മോഹനൻ നവരംഗ്, ജോയിച്ചൻ വർഗീസ്, അനിൽ, സിറാജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews