തൊടുപുഴ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫ് പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടന്ന ഓശാനതിരുകര്മങ്ങളില് പങ്കെടുത്ത ശേഷം വോട്ടഭ്യര്ഥിക
ഉടുമ്പൻചോല
നെടുങ്കണ്ടം: കര്‍ഷകരുടെ ശത്രുപക്ഷത്തായിരുന്നു പിണറായി സര്‍ക്കാരെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍. ഉടുമ്പൻചോലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം രാജകുമാരിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ വരുന്നത് എല്‍ഡി എഫിനെ വീണ്ടും അധികാരത്തില്‍ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഫ് നിയോജക മണ്ഡലം ചെയര്മാന് എം.ജെ. കുര്യന് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി സേനാപതി വേണു,ഡീന്‍ കുര്യാക്കോസ് എംപി , ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, കെപിസിസി വക്താവ് ഡോ.ജിന്റോ ജോണ്‍, ബെന്നി തുണ്ടത്തില്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, ആര്. ബാലന്‍പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ടൗണില്‍ റോഡ് ഷോയും നടത്തി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. കെ. ജയചന്ദ്രന് ഇന്നലെ പൊതുപര്യടനം നടത്തിയില്ല. ഇന്നലെ രാജാക്കാട്,രാജകുമാരി മേഖലകളിലെ വ്യക്തികളെയും വിവിധ മേഖലകളിലെ തൊഴിലാളികളെയും സന്ദര്‍ശിച്ച് വോട്ട് തേടി.ഇന്നു വണ്ടന്മേട് പഞ്ചായത്തിലാണ് പര്യടനം. രാവിലെ 7.30ന് മാലിയില്‍നിന്ന് ആരംഭിക്കുന്ന പര്യടനം വൈകുന്നേരം 6.30ന് ശാസ്താനടയില്‍ സമാപിക്കും. വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫിന്റെ ജില്ലാ, മണ്ഡലം നേതാക്കള്‍ പ്രസംഗിക്കും.
എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന് നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലെ കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കി. രാജാക്കാട് രാജകുമാരി,സേനാപതി, ശാന്തന്‍പാറ, ഉടുമ്പന്‍ചോല, നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ, വണ്ടന്മേട്, ഇരട്ടയാര്‍ എന്നിവിടങ്ങളിലെ കണ്‍വന്‍ഷനുകളാണ് പൂര്‍ത്തിയായത്.
നാളെ നടക്കുന്ന സ്ഥാനാര്‍ഥിയുടെ റോഡ് ഷോയിലും ഏപ്രില്‍ രണ്ടുമുതല്‍ ആറുവരെ നടക്കുന്ന വാഹനപ്രചാരണത്തിലും നൂറുകണക്കിനാളുകളെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.
തൊടുപുഴ
തൊടുപുഴ: തൊടുപുഴ നിയോജ കമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫ് ഇന്നലെ ഇടവകപ്പള്ളിയായ പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു.തുടര്‍ന്നു മണക്കാട്, പുറപ്പുഴ പഞ്ചായത്തുകളില്‍ പര്യടനം നടത്തി.
ഡിസിസി പ്രസിഡന്റ് സി.പി.മാത്യു മണക്കാട്ടെ പര്യടനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വഴിത്തലയില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിറിയക് ചാഴികാടന് ഇന്നലെ രാവിലെ മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോനപള്ളിയില്‍ നടന്ന ഓശാന തിരുക്കര്മങ്ങളിലും തുടര്‍ന്നു ടൗണിലെ വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിലും പങ്കെടുത്തു.
ചുങ്കംപള്ളി, കോതായിക്കുന്ന് സെന്റ് മേരീസ് യാക്കോബായ പള്ളി എന്നിവിടങ്ങളിൽ സന്ദര്‍ശനം നടത്തി. തുടർന്ന് ഭാര്യാപിതാവിന്റെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കടുത്തുരുത്തിയിലേക്കു പോയി.
എന്‍ഡിഎ സ്ഥാനാര്‍ഥി റോയി വാരികാട്ട് തൊടുപുഴ വിന്‍സെന്റ് ഡി പോള്‍ ദേവാലയത്തിലെ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു.തുടര്‍ന്ന് മുട്ടം, ഇടവെട്ടി മണ്ഡലങ്ങളില്‍ നടന്ന കണ്‍വന്‍ഷനിലും പങ്കെടുത്തു.
മണക്കാട് മണ്ഡലം കണ്വന്ഷന് ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീവിദ്യ രാജേഷ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കണ്‍വീനര്‍ ബിനു കൈമള്‍, ശശി ചാലയ്ക്കല്‍, വി.എന്‍.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. വികസനം, അടിസ്ഥാന സൗകര്യങ്ങള്‍, ജനക്ഷേമ പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സ്ഥാനാര്‍ഥിയുടെ പര്യടനം.
ഇടുക്കി
മൂലമറ്റം: ഓശാന ഞായറിനോടനുബന്ധിച്ച് വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ ഇടുക്കി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി റോയി കെ.പൗലോസ് പങ്കെടുത്തു. തുടര്‍ന്ന് അറക്കുളം, കുടയത്തൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. രാവിലെ മുത്തിയുരുണ്ടയാറില്‍ ഡീന്‍ കുര്യാക്കോസ് എം പി പര്യടനം ഉദ്ഘാടനം ചെയ്തു. യുഡിവൈഎഫ് പ്രവര്‍ത്തകരോടൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച് വോട്ടഭ്യര്‍ഥിച്ചു.
യുഡിഎഫ് മണ്ഡലം ചെയര്മാന് ജിഫി ജോര്‍ജ് അഞ്ചാനി അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോയി തോമസ്, എം.കെ.പുരുഷോത്തമന്, എ.പി. ഉസ്മാന് ,ചാര്‍ളി ആന്റണി, എ. ഡി. മാത്യു അഞ്ചാനിക്കല്‍, ഉഷ ഗോപിനാഥ്, ഇമ്മാനുവല്‍ ചെറുവള്ളാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓശാന ഞായര്‍ തിരുനാളിനോടനുബന്ധിച്ച് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളിയിലെ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തായിരുന്നു ഇടുക്കി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്റെ ഇന്നലത്തെ പര്യടനത്തിന്റെ തുടക്കം. തുടര്‍ന്നു കാഞ്ചിയാര്‍, മരിയാപുരം പഞ്ചായത്തുകളില്‍ പര്യടനം നടത്തി.
മണ്ഡലത്തില്‍ നടപ്പാക്കിയ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു റോഷിയുടെ പര്യടനം. കാഞ്ചിയാറില്‍ സിപിഐ സംസ്ഥാന കൗണ്‍സിലംഗം വി. ആര്. ശശി പര്യടനം ഉദ്ഘാടനം ചെയ്തു. ഇടുക്കിയില്‍ നടന്ന സമാപന സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസാണ് ഉദ്ഘാടനം ചെയ്തത്. ജില്ല, നിയോജകമണ്ഡലം നേതാക്കള്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിച്ചു.
ഇടുക്കി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പ്രതീഷ് പ്രഭ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വ്യക്തികളെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിച്ചു.
ഇടുക്കിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി ആറിന് കട്ടപ്പനയില്‍ പ്രസംഗിക്കും. തുടര്‍ന്നു പൊതുസമ്മേളനത്തിലും റോഡ് ഷോയിലും കൊട്ടിക്കലാശത്തിലും പങ്കെടുക്കും.
Tags : Campaigning nattuvishesham local news