തോട്ടിൽ നിന്ന് കരയ്ക്ക് കയറ്റിയ കാർ.
കോതമംഗലം: പാത്തിക്കൽ പാലത്തിന് സമീപം തോട്ടിലേക്ക് മറിഞ്ഞ് ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണ കാർ ഫയർഫോഴ്സ് സംഘം രാത്രിയും പകലും നീണ്ട തെരച്ചിലിനൊടുവിൽ പുറത്തെടുത്തു. ഒഴുക്കിൽപ്പെട്ട കാർ പാറയിൽ തങ്ങി നിന്നപ്പോൾ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്ത് കടക്കാനായതിനാൽ ആളപായമില്ല.
കീരമ്പാറ പഞ്ചായത്തിന്റെയും കോതമംഗലം നഗരസഭയുടെയും അതിർത്തിയിൽ പാത്തിക്കൽ പാലത്തിന് സമീപത്തുള്ള തോട്ടിലേക്ക് ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് വഴിതെറ്റി വന്ന നാലംഗ സംഘം സഞ്ചരിച്ച കാർ മറിഞ്ഞത്.
വടാട്ടുപാറയില്‍ നിന്ന് കുറുപ്പംപടിക്കാണ് സ്വിഫ്റ്റ് കാറില്‍ നാലംഗ സംഘം യാത്ര ചെയ്തിരുന്നത്. ഗുഗിള്‍ മാപ്പ് കീരമ്പാറയില്‍ നിന്ന് കള്ളാട് റോഡിലേക്ക് ഇവരെ ദിശ തിരിച്ച് വിട്ടു. ഈ റോഡില്‍ 300 മീറ്ററോളം മുന്നോട്ടുപോയപ്പോള്‍ മറ്റൊരു റോഡിലേക്ക് തിരിഞ്ഞതും കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നുവെന്ന് കാറിൽ നിന്ന് രക്ഷപ്പെട്ടവർ പറഞ്ഞു . നിറഞ്ഞൊഴുകുകയായിരുന്ന തോടും റോഡും തമ്മില്‍ അകലം ഉണ്ടായിരുന്നില്ല. കുറുപ്പംപടി സ്വദേശി എബിനാണ് കാര്‍ ഓടിച്ചിരുന്നത്. 50 മീറ്ററോളം ഒഴുകി പാറയില്‍ കാർ തങ്ങി നിന്നതാണ് യാത്രക്കാര്‍ക്ക് രക്ഷയായത്. വശങ്ങളിലെ വിന്റോയിലൂടെ നാലുപേര്‍ക്കും പുറത്തുകടക്കാനായി. അപകടമറിഞ്ഞ് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും കാര്‍ വെള്ളത്തില്‍ മുങ്ങിപ്പോയി.
ഫയര്‍ഫോഴ്സ് ഉടന്‍ എത്തി തോട്ടില്‍ തെരഞ്ഞെങ്കിലും കാര്‍ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ തെരച്ചില്‍ പുനരാരംഭിച്ചു. കാര്‍ ഒഴുകിപ്പോയെന്ന ധാരണയില്‍ ചേലാട് വരെയുള്ള ഭാഗത്ത് തെരച്ചില്‍ നടത്തിയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം അപകടം നടന്നതിന് നൂറു മീറ്റർ മാറി പാത്തിക്കൽ പാലത്തിന് സമീപത്ത് വെള്ളത്തിനടിയില്‍ കാര്‍ കണ്ടെത്തുകയായിരുന്നു.
എബിന്റെ സഹോദരന് അബിന്‍, സുഹൃത്തുക്കളായ അക്ഷയ്, വിഷ്ണു എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. വെള്ളം കുടിച്ചെങ്കിലും ഇവര്‍ക്ക് മറ്റ് പരിക്കുകളൊന്നുമില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് ക്രെയിൻ എത്തിച്ച് കാർ പുറത്തെടുത്തത്.
‘റോഡേത് തോടേത് ’
പാത്തിക്കൽ പാലത്തിന് സമീപം തോട്ടിൽ വെള്ളം ഉയർന്നാൽ റോഡും തോടും തിരിച്ചറിയാനാകില്ല. റോഡും തോടും തമ്മില്‍ വേര്‍തിരിക്കാന്‍ കൈവരികളോ കരിങ്കല്ക്കെട്ടോ മറ്റ് സംവിധാനങ്ങളോ ഇല്ല.
മഴക്കാലത്ത് തോട് നിറഞ്ഞ്റോഡിലൂടെ ഒഴുകാറുണ്ട് റോഡിന് സംരക്ഷണഭിത്തിയോ കൈവരികളോ ഇല്ലാത്തത് ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല.
Tags : Nattuvishesham District News Car pulled out Pathikkal bridge