എച്ച്പിവി വാക്സിനേഷന് കാമ്പയിന് ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി. രമേശന് നിര്‍വഹിച്ചു പ്രസംഗിക്കുന്നു.
കാഞ്ഞങ്ങാട്: ഗര്‍ഭാശയഗള കാന്‍സറിനെ പ്രതിരോധിക്കുന്നതിനായി എച്ച്പിവി വാക്സിനേഷന് കാമ്പയിന് ജില്ലയില്‍ തുടക്കമായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ടെലിമെഡിസിന്‍ ഹാളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയര്മാന് വി.വി. രമേശന് നിര്‍വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ മുഹമ്മദ് മുറിയനാവി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍ എം.എ. രേഷ്മ, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ, ഡെപ്യൂട്ടി ഡിഎംഒ ഡോ. അജയ് രാജന്, ഐഎംഎ കാഞ്ഞങ്ങാട് പ്രസിഡന്റ് ഡോ. ഡി.ജി. രമേശ്, ഹൊസ്ദുര്‍ഗ് എഇഒ കെ. സുരേന്ദ്രന്, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ.കെ. ഷാന്റി, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി. ഹസീബ് എന്നിവർ പ്രസംഗിച്ചു.
മാരകരോഗങ്ങളില്‍നിന്ന് കുട്ടികളുടെ ജീവന് രക്ഷിക്കുന്നതിലും ശിശു മരണനിരക്ക് ഗണ്യമായതോതില്‍ കുറയ്ക്കുന്നതിലും പ്രതിരോധ കുത്തിവയ്പ്പുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നിലവില്‍ പ്രധാനമായും 12 രോഗങ്ങള്‍ക്കെതിരേ രാജ്യത്ത് എല്ലായിടത്തും കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നുണ്ട്.
ഗര്‍ഭാശയഗള കാന്‍സറിനെതിരായ വാക്സിന് കൂടി ദേശീയ പ്രതിരോധകുത്തിവയ്പ് പട്ടികയിലുള്‍പ്പെടുത്തുന്നതിന്റെ മുന്നോടിയായി 14 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ എച്ച്പിവി വാക്സിനേഷന് ആരംഭിക്കുകയാണ്.
ഫെബ്രുവരി 28നു രാജ്യവ്യാപകമായി ആരംഭിക്കുന്ന വാക്സിനേഷന് കാമ്പയിനില്‍ മൂന്നു മാസത്തിനകം 14 വയസു പ്രായമുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും ഒറ്റ ഡോസ് വാക്സിന് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്ന് ദേശീയ പ്രതിരോധകുത്തിവയ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തി വരുന്ന വര്‍ഷങ്ങളില്‍ 14 വയസു പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് എല്ലാ പെണ്‍കുട്ടികള്‍ക്കും വാക്സിന് നല്കി ഭാവിയില്‍ എല്ലാ പെണ്‍കുട്ടികളെയും സ്ത്രീകളെയും ഗര്‍ഭാശയഗള കാന്‍സറില്‍നിന്ന് സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.