എരുമപ്പെട്ടി: കാലവർഷം കനത്തതോടെ നിറഞ്ഞൊഴുകി കാഴ്ചക്കാരുടെ മനംനിറയ് ക്കുകയാണ് കൊടുമ്പ് ചാത്ത ൻചിറ ചെക്ക് ഡാം. തടാകത്തിന്റെ ഭംഗിയാസ്വദിച്ച് കാടിനരികിലൂടെയുള്ള യാത്രയാണ് ചാത്തൻചിറയുടെ പ്രധാന ആകർഷണം. വടക്കാഞ്ചേരി നഗരസഭയുടെയും എരുമപ്പെട്ടി പഞ്ചായത്തിന്റെയും പരിധിയിൽ ഉൾപ്പെട്ട തടാകമാണ് കാഞ്ഞിരക്കോട് കൊടുമ്പ് ചാത്തൻ ചിറ. വടക്കാഞ്ചേരിയിൽനിന്ന് നാലു കിലോമീറ്റർ അകലെയാണു മനോഹരമായ ഈ ഡാം.
പ്രകൃതിയൊരുക്കുന്ന കാഴ്ചകൾ ആസ്വദിക്കാനെത്തുന്നവർ മനംനിറഞ്ഞേ ഇവിടെനിന്ന് തിരികെപ്പോകൂ. മൂന്നുവശവും വനവും കുന്നുകളും കാടുകളുമുള്ളതാണു ചാത്തൻചിറയുടെ സവിശേഷത. അകമല കാടുകളില്‍നിന്നുമുള്ള നീരൊഴുക്കാണ് ചാത്തന്‍ചിറയെ ജലസമ്പന്നമാക്കുന്നത്. കടുത്ത വേനലിലും കാട്ടില്‍നിന്ന് നീരൊഴുക്കുള്ളതിനാൽ ചിറ എല്ലാ കാലത്തും നിറഞ്ഞുനിൽക്കും.
ഇരുനൂറു വര്ഷംമുന്പ് ശര്‍ക്കര, ചുണ്ണാമ്പ് മിശ്രിതങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ഡാം 2016ൽ നവീകരിച്ചു. ആർഐഡിഎഫ് പദ്ധതി നിർവഹണ വകുപ്പ് കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പുനർനിർമാണം നടത്തിയത്.
ഡാമിലെ ചെളി നീക്കുകയും ആഴംകൂട്ടി ഇരുകരകളെയും വൃത്തിയാക്കി ബലപ്പെടുത്തുകയും ചെയ്തു. പുതിയ വാൽവ്, സോളാർ ലൈറ്റുകൾ എന്നിവയും സ്ഥാപിച്ചു. പത്തു മീറ്റർ ഉയരവും നൂറു മീറ്ററോളം വീതിയുമുള്ള ഡാമിന്റെ കെട്ടിന് നാലര ഏക്കറോളം വിസ്തൃതിയുണ്ട്.
വടക്കാഞ്ചേരി, എരുമപ്പെട്ടി പഞ്ചായത്തുകളിലെ പ്രധാന കൃഷിയിടങ്ങളെല്ലാം ചാത്തന്‍ചിറയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.
ഡാമില്‍നിന്ന് നിറഞ്ഞൊഴുകുന്ന വെള്ളം കൊടുമ്പ്, കാഞ്ഞിരക്കോട് പാടശേഖരത്തിലൂടെ ഒഴുകി പള്ളിമണ്ണയിലെത്തി വടക്കാഞ്ചേരി കേച്ചേരി പുഴയെ ശക്തിപ്പെടുത്തുന്നു. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന പാതയിലെ കാഞ്ഞിരക്കോട് സെന്ററിൽനിന്നു ബിഎം ബിസി നിലവാരത്തിലുള്ള റോഡും ചാത്തൻചിറയിലേക്കുള്ള യാത്ര സുഗമമാക്കുന്നു.
Tags : Nattuvishesham District News