റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പെരുങ്കോന്ന് യുവജന ഗ്രന്ഥാലയം ഇൻഡോർ കോർട്ടിൽ വിളിച്ചുചേർത്ത ജനകീയ കൺവെൻഷനിൽ അധ്യക്ഷത വഹിച്ച് ചെങ്ങളായി പഞ്ചായത്ത് പ്ര
ചെങ്ങളായി: ശ്രീകണ്ഠപുരം നഗരസഭ ഉൾപ്പെടെയുള്ള മലയോര മേഖലയിൽ നിന്ന് ജില്ലാ ആസ്ഥാനമായ കണ്ണൂരിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന ചെങ്ങളായി - പെരുങ്കോന്ന് - തവറൂൽ - കൊയ്യം റോഡ് മെക്കാഡം ടാറിംഗ് ചെയ്ത് നവീകരിക്കണമെന്ന് സംയുക്ത ജനകീയ കൺവെൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു. ആറ് കിലോമീറ്ററോളം ദൈർഘ്യം വരുന്ന ഈ റോഡ് ചെങ്ങളായി പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നാണ്.
തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാതയേയും വളക്കൈ - മയ്യിൽ പൊതുമരാമത്ത് റോഡിനേയും ബന്ധിപ്പിക്കുന്ന ഈ പാത ശ്രീകണ്ഠപുരം - പുതിയതെരു അടക്കം മൂന്ന് റോഡുകൾക്കും ഒരു ബൈപ്പാസ് റോഡു കൂടിയാണ്.
അമ്പത് വർഷത്തോളം പഴക്കമുള്ള ഈ റോഡ് നവീകരിക്കുക യെന്നത് ഈ പ്രദേശത്തുകാരുടെ ദീർഘകാലത്തെ ആവശ്യങ്ങളിലൊന്നാണ്. ഈ റോഡുമായി ബന്ധപ്പെടുന്ന കൊളന്തക്കടവ് പാലം ഈ വർഷം യാഥാർഥ്യമാകുന്നതോടെ മലപ്പട്ടം പഞ്ചായത്തിൽ നിന്ന് പ്രദേശവാസികൾക്ക് താലൂക്കാസ്ഥാനമായ തളിപ്പറമ്പിലേക്ക് എത്തിച്ചേരാനുള്ള പ്രധാന റോഡും ഇതായിരിക്കും.
റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പെരുങ്കോന്ന് യുവജന ഗ്രന്ഥാലയം ഇൻഡോർ കോർട്ടിൽ വിളിച്ചുചേർത്ത ജനകീയ കൺവെൻഷനിൽ ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. രവി, വാർഡ് മെംബർമാർ, സാമൂഹിക പ്രവർത്തകർ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിന-ചെയർപേഴ്സൺ, കെ. ദിവാകരൻ-കൺവീനർ, കെ.കെ. രവി, എം.വി. ബിന്ദു, ടി. രാജ്കുമാർ, കെ.വി.മിനി, റജീന മുനീർ- വൈസ് ചെയർമാൻമാർ, എ. ജനാർദനൻ, കെ.ആർ. രാജീവൻ, പി.കെ. സതീശൻ- ജോയിന്റ് കൺവീനർമാർ എന്നിവർ ഭാരവാഹികളായി ജനകീയ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചു.
Tags : NattuVishesham DistrictNews