ജി.വി. രാജ പുരസ്കാരം കായിക മന്ത്രി അഡ്വ. ഒ.ജെ. ജനീഷില്നിന്ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ അംഗങ്ങള് ചേര്ന്ന് ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: കേരള സര്ക്കാരിന്റെ കായിക രംഗത്തെ മികവിനുള്ള ജി.വി. രാജ പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ഏറ്റുവാങ്ങി. കായികരംഗത്ത് വര്ഷങ്ങളായി പുലര്ത്തിവരുന്ന മികവിനും ദേശീയ അന്തര്ദേശീയ തലങ്ങളില് താരങ്ങളെ വളര്ത്തിയെടുക്കുന്നതില് കോളജ് നല്കുന്ന മികച്ച സംഭാവനകള്ക്കുമുള്ള അംഗീകാരമാണ് ഈ പുരസ്കാരം.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില് നടന്ന അവാര്ഡ് നൈറ്റില് വൈസ് പ്രിന്സിപ്പല് സിസ്റ്റര് ഡോ. അഞ്ജന റോസ്, സിസ്റ്റര് ജോ മരിയ, കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിന് റാഫേല്, കായിക അധ്യാപിക തുഷാര ഫിലിപ്പ്, ഡോ. ബിനോയ് ആനന്ദ്, വര്ഷ ജി. നായര്, കായിക താരങ്ങളായ ജിഷില, പി. മിത്ര, ടി. ശ്രീയസായി എന്നിവര് കായിക മന്ത്രി അഡ്വ. ഒ.ജെ. ജനീഷില് നിന്നും അവാര്ഡ് സ്വീകരിച്ചു.
2025 - 26 അധ്യയന വര്ഷത്തില് മാത്രം കോളജില് നാല് അന്തര്ദേശീയ താരങ്ങള് ഉണ്ടായിരുന്നു. ഇവരില് സീയ മെല്റ്റില്ഡ ബൈജു പവര്ലിഫ്ടിംഗില് ഏഷ്യന് ജൂണിയര് ചാമ്പ്യന്ഷിപ്പില് മെഡല് നേടി കോളജിനും രാജ്യത്തിനും സംസ്ഥാനത്തിനും അഭിമാനമായി. കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര് കോളജ് മത്സരങ്ങളില് വിവിധ കായിക ഇനങ്ങളില് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലായി 13 ചാമ്പ്യന്ഷിപ്പുകളും കോളജ് സ്വന്തമാക്കി. കായികരംഗത്തെ തുടര്ച്ചയായ നേട്ടങ്ങളിലൂടെ കാലിക്കട്ട് സര്വകലാശാലയുടെ 2025 - 26 അധ്യയന വര്ഷത്തെ മികച്ച വനിതാ കായിക കോളജ് പുരസ്കാരവും സെന്റ് ജോസഫ്സ് കോളജ് നേടിയിരുന്നു.
Tags : NattuVishesham DistrictNews