ചാവക്കാട് നഗരസഭ കൗൺസിലിൽനിന്ന് യുഡിഎഫ് ഇറങ്ങിപ്പോകുന്നു.
ചാവക്കാട്: നഗരസഭ വഞ്ചിക്കടവിലെ ഭൂമി മത്സ്യ മാർക്കറ്റിനായി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അജൻഡയിൽ പ്രതിപക്ഷമായ യുഡിഎഫിന്റെ അഴിമതിയാരോപണം. തുടർന്ന് കൗൺസിൽ യോഗത്തിൽ രൂക്ഷമായ വാക് തർക്കവും ബഹളവും അരങ്ങേറി. ചെയർമാൻ ഭൂമാഫിയ ഏജന്റായി പ്രവർത്തിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
16-ാം വാർഡിൽ ഉൾപ്പെടുന്ന ഭൂമി നഗരസഭയുടെ ആവശ്യങ്ങൾക്കായി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് കൗൺസിലിന്റെ പരിഗണനയ്ക്കുവന്നത്. സെന്റിന് 15 ലക്ഷം രൂപ നിരക്കിൽ ഒമ്പത് സെന്റ് ഭൂമി വിട്ടുനൽകാൻ ഉടമ സമ്മതപത്രം നൽകിയതായാണ് അജൻഡയിൽ. ഇതനുസരിച്ച് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് കൗൺസിലിന്റെ അംഗീകാരം തേടുകയായിരുന്നു. എന്നാൽ ഭൂമി ഏറ്റെടുക്കുന്നതിന്റെ കൃത്യതയും വില, ഫണ്ടിന്റെ ലഭ്യത തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താതെ അജൻഡയുമായി മുന്നോട്ടുപോകുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. ഭൂമി ആവശ്യമുണ്ടെന്ന പത്ര പരസ്യം നൽകിയാൽ ഒട്ടനവധി ആളുകൾ ഭൂമിവിട്ടുനൽകാൻ സാധ്യതയുള്ളപ്പോൾ ഒരു വ്യക്തിയിൽനിന്നുമാത്രം ഈ ഭൂമിയുടെ സമ്മതപത്രം വാങ്ങിയതിൽ അഴിമതി നടത്താൻ സാധ്യതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ അജൻഡ പാസാക്കുമെന്ന് ചെയർമാൻ പറഞ്ഞതിനുപിന്നാലെ പ്രതിപക്ഷ ലീഡർ സി.എ. ഗോപ പ്രതാപന്റെ നേതൃത്വത്തിൽ കൗൺസിൽമാരായ ആരിഫ് പാലയൂർ, ജോയ്സി ആന്റണി, ആസിഫ് പാലയൂർ, സുജാത സത്യൻ, ശർമിള സത്താർ, ടി. എം. ഷാജി , സീന നൗഷാദ്, ഫെബീന നൗഷാദ്, സനൂപ്, ബ്രിജിത പ്രതീപ്, തനുജ ഷാഫി എന്നിവർ സെക്രട്ടറിക്ക് വിയോജനക്കുറിപ്പ് നൽകി ഇറങ്ങിപ്പോവുകയായിരുന്നു.
Tags : NattuVishesham DistrictNews