ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ 190-ാം തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായി. ജീവകാരുണ്യപ്രവർത്തനങ്ങൾക്കു മുൻതൂക്കംനൽകിയാണ് ഇത്തവണത്തെയും തിരുനാൾ ആഘോഷം. നിർധനരോഗികൾക്കു ഡയാലിസിനും നിർധനയുവതികളുടെ വിവാഹത്തിനും ധനസഹായം വിതരണം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുനാളിന് ഇന്നു വൈകീട്ട് കൊടിയേറും. വൈകീട്ട് അഞ്ചിനു നടക്കുന്ന ആഘോഷമായ ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയ്ക്കുശേഷം വികാരി ഫാ. വർഗീസ് കുത്തൂർ കൊടിയേറ്റം നിർവഹിക്കും. 22നു വൈകീട്ട് നാലിനു ദിവ്യബലി, മലാഖയുടെ ദാസി-ദാസൻ സമർപ്പണം, വളസമർപ്പണം എന്നിവ നടക്കും. വൈകീട്ട് 6.30നു മേയർ ഡോ. നിജി ജസ്റ്റിൻ ചമയപ്രദർശനം ഉദ്ഘാടനം ചെയ്യും. തുടർന്നു ദീപാലങ്കാരത്തിന്റെ സ്വിച്ച്ഓണ് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർവഹിക്കും. 23നു രാവിലെ ആറിനും പത്തിനും ദിവ്യബലി. വൈകീട്ട് നാലിനു പൊന്തിഫിക്കൽ ദിവ്യബലിക്കു പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് കൂടുതുറക്കൽ ശുശ്രൂഷ, തിരുസ്വരൂപം എഴുന്നള്ളിപ്പ്, നേർച്ചഭക്ഷണ ആശീർവാദം. രാത്രി വിവിധ മേഖലകളിൽനിന്നുള്ള വള എഴുന്നള്ളിപ്പ് പള്ളിയിലെത്തും.
തിരുനാൾദിനമായ 24നു പുലർച്ചെ 12, രാവിലെ ആറ്, ഏഴ്, എട്ട് തുടർച്ചയായ ദിവ്യബലി. രാവിലെ 10നു നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് മേരിമാതാ മേജർ സെമിനാരി പ്രഫസർ ഡോ. ഫാ. ആന്റോ പാണേങ്ങാടൻ മുഖ്യകാർമികത്വം വഹിക്കും. അസി. വികാരി ഫാ. ജിജോ തറയിൽ സഹകാർമികനാകും. ഫാ. ജിബിൻ താഴേക്കാടൻ തിരുനാൾ സന്ദേശം നൽകും.
ഉച്ചയ്ക്കുശേഷം മൂന്നിനു ദിവ്യബലി, തുടർന്ന് പ്രദക്ഷിണം. 23നു വൈകീട്ട് ആറുമുതൽ രാത്രി 10 വരെയും 24നു രാവിലെ എട്ടുമുതൽ ഉച്ചയ്ക്കു രണ്ടുവരെയും മലാഖയുടെ പന്തലിൽ നേർച്ചഉൗട്ട് വിതരണം ഉണ്ടാകും. ഒരു ലക്ഷം പേർക്കാണ് നേർച്ചഉൗട്ട് തയാറാക്കുന്നത്. മൂന്നു ലക്ഷംപേർക്കുള്ള നേർച്ച പാക്കറ്റ് തയാറാക്കി. 25നു രാവിലെ 10.30നു സമർപ്പിതസംഗമം, 26നു രാവിലെ 7.30നു മരിച്ചവർക്കുള്ള റാസ. 31നു എട്ടാമിടം ആഘോഷിക്കും. ഇത്തവണ എട്ടാമിടം തിരുനാളിനോടുനുബന്ധിച്ച് വൈകീട്ട് വിശുദ്ധ റപ്പായേൽ മലാഖയുടെ അനുഗ്രഹപ്രയാണം ഉണ്ടാകും. വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ച് പള്ളിക്കു ചുറ്റുമുള്ള റിംഗ് റോഡിലൂടെയാണ് അനുഗ്രഹപ്രയാണം നടക്കുക. 26 മുതൽ 31 വരെ ദിവസവും വൈകീട്ട് വിവിധ കലാപരിപാടികൾ നടക്കും.
ഫൊറോന വികാരി ഫാ. വർഗീസ് കുത്തൂർ, കൈക്കാരൻമാരായ ബെന്നി അപ്പാടൻ, തോമസ് കൂള, ഷോണി പെരുമാടൻ വി.ജെ. പ്രശോഭ്, പിആർഒ ജെസ്റ്റിൻ പേരൂട്ടിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Tags : NattuVishesham DistrictNews