നാട്ടികയിലെ ടോൾപിരിവ് സംബന്ധിച്ച് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജില്ലയിൽനിന്നുള്ള എംഎൽഎമാർ മുഖ്യമന്ത്രിക്കു നിവേദനം നൽകിയപ്പോൾ.
തൃപ്രയാർ: കാപ്പിരിക്കാട്-കോട്ടപ്പുറം ദേശീയപാതയിലെ നിർമാണപ്രവൃത്തി പൂർത്തിയാകുന്നതിനുമുന്പ് നാട്ടിക ടോൾപ്ലാസയിൽ ആരംഭിച്ച ടോൾപിരിവ് നിർത്തിവയ്ക്കുമെന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ എംഎൽഎമാർ നിവേദനം നൽകിയതിനെത്തുടർന്നാണു നിർമാണം പൂർത്തിയാകുന്നതുവരെ ടോൾപിരിവ് നിർത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
മേഖലയിൽ ദേശീയപാതയുടെ നിർമാണം 75 മുതൽ 80 ശതമാനംവരെ മാത്രമാണു പൂർത്തിയായിട്ടുള്ളത്. നിരവധി പ്രധാന പ്രവൃത്തികൾ ഇനിയും പൂർത്തിയാകാനുണ്ട്. ഈ സാഹചര്യത്തിൽ ടോൾപിരിവ് ആരംഭിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ദേശീയപാതയിൽ നിർദേശിക്കപ്പെട്ട 12 ഫൂട്ട് ഓവർ ബ്രിഡ്ജുകളിൽ രണ്ടെണ്ണം മാത്രമാണു പൂർത്തിയായിട്ടുള്ളത്. മൂന്നെണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്പോൾ ബാക്കിയുള്ള ഏഴെണ്ണത്തിന്റെ പ്രവൃത്തി ആരംഭിച്ചിട്ടുപോലുമില്ല. വാടാനപ്പിള്ളി മേഖലയിലെ കണ്ടശാംകടവ് ഫ്ലൈ ഓവറിന്റെയും മൂന്നുപീടിക കൊറ്റംകുളം മേഖലയിലെ ഫ്ലൈ ഓവറിന്റെയും നിർമാണം പൂർത്തീകരിക്കാനുണ്ട്. കൊടുങ്ങല്ലൂർ, എടമുട്ടം അണ്ടർപാസുകളുടെ നിർമാണവും പ്രാരംഭഘട്ടത്തിലാണ്. പള്ളിനടയിൽ അണ്ടർപാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയസമരം തുടരുകയാണ്.
ചാവക്കാട് മേഖലയിലെ കനോലി കനാലിനു കുറുകെയുള്ള പാലത്തിന്റെയും ചേറ്റുവ പാലത്തിന്റെയും നിർമാണവും പൂർത്തിയായിട്ടില്ല. മണത്തല മുതൽ ഒരുമനയൂർ വരെയുള്ള ഭാഗത്ത് നിർമാണം ഭാഗികമായി മാത്രമാണു നടന്നിട്ടുള്ളത്. കൊതപറന്പ് മുതൽ ചന്തപ്പുര വരെയും നിർമാണം പൂർത്തിയായിട്ടില്ല. പലയിടങ്ങളിലും സർവീസ് റോഡുകളുടെ നിർമാണവും ആരംഭിച്ചിട്ടില്ല. പലയിടത്തും തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടില്ല. ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് നാട്ടികയിൽ ടോൾപിരിവ് ആരംഭിച്ചത്. ഇതിനെതിരേ എല്ലാ രാഷ്ട്രീയകക്ഷികളുടെയും നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു.
ദേശീയപാതയുടെ നിർമാണം പൂർത്തീകരിക്കാതെ ടോൾപിരിവ് നടത്തുന്നത് ജനങ്ങൾക്ക് അധിക സാന്പത്തികഭാരം സൃഷ്ടിക്കുമെന്നും യാത്രാദുരിതവും സുരക്ഷാ ആശങ്കകളും വർധിപ്പിക്കുമെന്നും എംഎൽഎമാർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
എംഎൽഎമാരായ ഗീതാഗോപി, കെ.കെ. വത്സരാജ്, പ്രഫ. സി. രവീന്ദ്രനാഥ്, എൻ.കെ. അക്ബർ, യു.ആർ. പ്രദീപ്, എ.സി. മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, അഡ്വ. കെ. രാജൻ, കെ.കെ. രാമചന്ദ്രൻ എന്നിവർ നിവേദനത്തിൽ ഒപ്പുവച്ചു.
Tags : NattuVishesham DistrictNews