ചേര്‍ത്തല: ജീവന്റെ രക്ഷയ്ക്കായി ചേര്‍ത്തല വീണ്ടും കൈകോര്‍ത്തിറങ്ങുന്നു. നഗരവാസികളായ ഒമ്പതുപേരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച നഗരസഭ ജീവന് രക്ഷാസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. പണമില്ലാത്തതിന്റെ പേരില്‍ നഗരത്തില്‍ ഒരാളുടെയും ജീവന് നഷ്ടപെടരുതെന്ന സന്ദേശവുമായാണ് ജീവന്‍രക്ഷാസമിതി പ്രവര്‍ത്തനം.
നാളെ നഗരത്തിലെ 12,000 വരുന്ന വീടുകളില്‍ ജനകീയ ധനസമാഹരണം നടത്തും. കരള്‍മാറ്റ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകനായ 12-ാം വാര്‍ഡ് ചെറുതുരുത്തി അഭിലാഷിന്റെ (53) ജീവന്‍രക്ഷ ലക്ഷ്യമിട്ടാണ് സമിതിവീണ്ടും രംഗത്തിറങ്ങുന്നത്. അഭിലാഷിനായി മകള്‍ വൈഗാലക്ഷ്മിയാണ് (19) കരള്‍ പകുത്തു നല്‍കുന്നത്. അഭിലാഷ് നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതിനൊപ്പം പണമില്ലാത്തതിന്റെ പേരില്‍ അവയവമാറ്റത്തിനു ബുദ്ധിമുട്ടു നേരിടുന്നവരെയും സഹായിക്കുന്നതിനാണ് ജനകീയ ധനസമാഹരണം. വീടുകളില്‍ 14 നു നടക്കുന്ന ധനസമാഹരണത്തിനു മുന്നോടിയായി 13ന് വൈകുന്നേരം നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലും 15ന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സമാഹരണം നടത്തും.
14ന് രാവിലെ ഏഴുമുതല്‍ അഞ്ചു മണിക്കൂറാണ് ധനസമാഹരണം ലക്ഷ്യമിട്ടിരിക്കുന്നത്. 36 വാര്‍ഡുകളിലായി 185 സ്ക്വാഡുകളാണ് ഒരേ സമയം രംഗത്തിറങ്ങുന്നതെന്ന് നഗരസഭാ ചെയര്മാന് എസ്. സോബിന്‍, ജീവന് രക്ഷാസമിതി ജനറല്‍ കണ്‍വീനര്‍ കെ.ടി. മധു, വൈസ് ചെയര്മാന് എന്‍.എല്‍. വത്സലകുമാരി, കൗണ്‍സിലര്‍മാരായ ഡി. ജ്യോതിഷ്, കെ.സി. ആന്റണി, സമിതി വൈസ് ചെയര്മാന് അനൂപ് ചാക്കോ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നഗരവാസികളില്‍ പകുതിയോളം പേര് ധനസമാഹരണത്തില്‍ നേരിട്ടു പങ്കാളികളാകുന്നുണ്ട്. ഓരോ സ്ക്വാഡിലും 15 മുതല്‍ 30 വരെ പേരാണ് പങ്കെടുക്കുന്നത്.
ജീവന്‍രക്ഷാസമിതിയുടെ പേരില്‍ 126412301047744 (ഐഎഫ്എസ്സി കോഡ്കെ എസ്ബികെ 0001264) എന്ന അക്കൗണ്ട് നമ്പരില്‍ കേരള ബാങ്കിന്റെ ചേര്‍ത്തല നടക്കാവ് സായാഹ്നശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.