സമര പന്തല്‍ ഉദ്ഘാടനത്തില്‍ വി.വി. ജോസ് കല്ലട മുഖ്യപ്രഭാഷണം നടത്തുന്നു.
കൊട്ടിയം: ചൂരല്പ്പൊയ്കയില് ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ടാര്‍ മിക്സിംഗ് പ്ലാന്റും കോണ്‍ക്രീറ്റ് റെഡി മിക്സ് പ്ലാന്റു വ്യവസായ മേഖലയിലേക്ക് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രദേശവാസികളുടെ സമരം ശക്തിയാര്‍ജിക്കുന്നു.
അവശ്യമായ രേഖകള്‍ ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറി മാറ്റി സ്ഥാപിക്കുന്നതില്‍ അധികാരികള്‍ നിസംഗത പാലിക്കുന്നതില്‍ പ്രതിഷേധിച്ച് ചൂരല്പ്പൊയ്ക പാരിസ്ഥിതിക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ റെഡിമിക്സ് ഫാക്ടറിക്ക് മുന്നില്‍ സമരപ്പന്തല്‍ തുറന്നു.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ആദിച്ചനല്ലൂര്‍ പഞ്ചായത്ത് നേരത്തെ സ്റ്റോപ്പ് മെമോ നല്‍കിയിരുന്നു. സ്റ്റോപ്പ് മെമ്മോയില്‍ ആവശ്യപ്പെട്ടിരിക്കുന്ന ഫയര്‍ എന്‍ഒസി അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. സ്റ്റോപ്പ് മെമ്മോയിലെ അന്തിമ നടപടികള്‍ നീളുന്നതില്‍ പ്രതിഷേധിച്ചാണ് പ്രദേശവാസികളുടെ നേതൃത്വത്തില്‍ കമ്പനിക്കു മുന്നില്‍ പ്രത്യക്ഷ സമരം ആരംഭിച്ചത്. സമരപ്പന്തലിന്റെ ഉദ്ഘാടനം ഫാ. റൊമാന്‍സ് ആന്റണി നിര്‍വഹിച്ചു. സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.വി. ജോസ് കല്ലട മുഖ്യ പ്രഭാഷണം നടത്തി. ചൂരല്പ്പൊയ്ക പാരിസ്ഥിതിക സംരക്ഷണ സമിതി പ്രസിഡന്റ് സിറിള്‍ റിച്ചാര്‍ഡ് അധ്യക്ഷനായി. മയ്യനാട് പഞ്ചായത്തംഗം ഗ്ലാഡിസണ്‍ ജോര്‍ജ്, ജോസ് മോത്ത, ഗോഡ്സണ്‍ വൈ, എലിസബത്ത് ലിസി, ഉമ മഹേശ്വരി, ജോസി സഖറിയാസ്, ബര്‍ണാഡ് റോയ്, വലേറിയാന്‍ മോറീസ് എന്നിവര്‍ പ്രസംഗിച്ചു.