തൃശൂർ: ബൈക്ക് മറിഞ്ഞ് യുവാവിന്റെ ജീവൻ പൊലിഞ്ഞ് ഒരുവർഷം പിന്നിട്ടിട്ടും അയ്യന്തോൾ മോഡൽ റോഡിന്റെ നിർമാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധം.
കാനയില്ലാത്തതിനാൽ മഴ പെയ്താൽ ഇപ്പോഴും വെള്ളക്കെട്ടാണ്. നിർമാണം ആരംഭിച്ച് 22 വർഷമായിട്ടും അയ്യന്തോൾ നിർമല സ്കൂൾ മുതൽ പുഴയ്ക്കൽ പാടം വരെയുള്ള നാലാം ഘട്ടം പൂർത്തിയാക്കാൻ കഴിയാത്തതാണു വെള്ളക്കെട്ടിനു കാരണം. ബജറ്റിൽ ഒരുകോടി ടോക്കണ്‍ സംഖ്യയായി ഉൾപ്പെടുത്തിയ സാഹചര്യത്തിൽ നിർമാണം ഉടൻ ആരംഭിക്കണമെന്ന് അയ്യന്തോൾ ജനകീയ സമിതി ആവശ്യപ്പെട്ടു.
10 വർഷംമുന്പാണ് നിർമാണം നിർത്തിയത്. ആറുവർഷം മുന്‍പ് 20 കോടിയുടെ ഭരണാനുമതി ലഭിച്ചു. കുഴിയടയ്ക്കൽ മാത്രമാണിപ്പോൾ നടക്കുന്നത്. വാഹനങ്ങൾ വർധിച്ചതോടെ ഈ ഭാഗത്തു രാവിലെയും വൈകിട്ടും വൻ ഗതാഗതക്കുരുക്കാണ്. നിർമല സ്കൂൾ മുതൽ പുഴയ്ക്കൽ പാടം വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തെ നിർമാണം പൂർത്തിയാക്കിയാൽ ഗതാഗതം സുഗമമാകും.
കോസ്മോപോളിറ്റൻ റെസിഡൻസ് അസോസിയേഷൻ, ന്യൂ ഗാർഡൻ റെസിഡന്റ്സ് അസോസിയേഷൻ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ഗുരുതര വെള്ളക്കെട്ടിനും പരിഹാരമാകും.ജനകീയസമിതി കണ്‍വീനർ ജെയിംസ് മുട്ടിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. അയ്യന്തോൾ പന്നിംകുളങ്ങര റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വിനോദ് കുറുവത്ത്, കെവിവിഇഎസ് ജില്ലാ സെക്രട്ടറി ജോഷി തേറാട്ടിൽ, കൽഹാര അപ്പാർട്മെന്റ് റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ടി.ഐ.കെ. മൊയ്ദു, കോസ്മോപോളിറ്റൻ റെസിഡന്റ്സ് അസോസിയേഷൻ പ്രതിനധി സി.എ. ജോജൻ, വാക്കേഴ്സ് ക്ലബ് പ്രതിനിധികളായ ഡോ.എ. സുരേന്ദ്രൻ, എൻ. വിവേക്, അപ്പൻ തന്പുരാൻ സ്മാരക വായനശാല മുൻ സെക്രട്ടറി എം. രഘുനന്ദനൻ, സേവിയർ ജോസ്, ഷീല സജീവ്, പി.ജെ. ജോണ്സൻ, കെ.ജി. കുമാർ, സി.ജെ. ജോണ്സൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News