പ്രതീകാത്മക ചിത്രം
കുടപ്പനക്കുന്ന്: ദയാനഗർ കല്ലിക്കുഴി ഭാഗത്തുണ്ടായ സംഘർഷത്തിൽ രണ്ടു യുവാക്കൾ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. സംഭവത്തിൽ പേരൂർക്കട പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളായ മൂന്നുപേർക്കും കണ്ടാലറിയാവുന്ന ഒരാൾക്കുമെതിരയാണ് കേസെടുത്തിട്ടുള്ളത്. മംഗലാപുരം സ്വദേശികളായ മഹി (22), റാണ (22), കുടപ്പനക്കുന്ന് സ്വദേശി അജിത്ത് (23), കണ്ടാലറിയാവുന്ന ഒരാൾ എന്നിവരാണ് ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.
ദയാ നഗറിൽ താമസിക്കുന്ന അജിത്ത് മംഗലാപുരത്തുള്ള തന്റെ സുഹൃത്തായ മഹിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതു ചോദ്യം ചെയ്യുന്നതിനാണ് ഇയാൾ മറ്റൊരു സുഹൃത്തായ റാണയുമായി ബൈക്കിൽ കുടപ്പനക്കുന്നിലെത്തിയത്. ഇവിടെവച്ചു നാലുപേരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. കൈയിലിരുന്ന ആയുധം ഉപയോഗിച്ചും സമീപത്തു കിടന്ന ബിയർ കുപ്പി പൊട്ടിച്ചും ഇവർ പരസ്പരം ആക്രമിച്ചു. മഹിയും റാണയുമാണ് തലയ്ക്ക് പരിക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മറ്റു രണ്ടുപേരുടെ പരിക്കു ഗുരുതരമല്ലെങ്കിലും ഇവർ ആശുപത്രിയിൽ ചികിത്സതേടിയശേഷം സ്ഥലം വിട്ടു. സംഘർഷത്തിൽ ഉൾപ്പെട്ട നാലാമന്റെ പേര് വ്യക്തമായിട്ടില്ല. കൊലപാതകശ്രമത്തിനും ആയുധംകൊണ്ട് മുറിവേൽപ്പിച്ചതിനുമാണ് പേരൂർക്കട പോലീസ് കേസെടുത്തിരിക്കുന്നത്. പരസ്പരം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Clashes NattuVishasham DistrictNews