കരിമ്പാറ മേഖലയിൽ പോത്തുണ്ടി ഇടതുകര കനാൽ ശുചീകരിക്കുന്നു.
നെന്മാറ: രണ്ടാംവിള നെൽകൃഷിക്കുള്ള ജലവിതരണത്തിന് മുന്നോടിയായി പോത്തുണ്ടി അണക്കെട്ടിൽ നിന്നുള്ള ഇടതുകര, വലതുകര പ്രധാന കനാലുകളിലും ഉപകനാലുകളിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചാണ് കനാലുകളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കംചെയ്ത് ജലപ്രവാഹം സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.
ഇടതുകര, വലതുകര കനാലുകളുടെ ശുചീകരണത്തിന് പ്രത്യേകം കരാറുകാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കരാറുകാരുടെ നേതൃത്വത്തിലാണ് വിവിധ മേഖലകളിൽ ഒരേസമയം പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മുൻവർഷങ്ങളിൽ ജലവിതരണ തീയതി തീരുമാനിച്ചതിനുശേഷം കനാൽ ശുചീകരണം ആരംഭിച്ചതിനെ തുടർന്ന് പല ഭാഗങ്ങളിലും കർഷകരിൽനിന്ന് പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് ഇത്തവണ ജലവിതരണ തീയതി നിശ്ചയിക്കുന്നതിന് മുമ്പുതന്നെ കനാൽ വൃത്തിയാക്കൽ ആരംഭിച്ചത്.
ഒന്നാം വിളയ്ക്കായി സെപ്റ്റംബറിൽ രണ്ടാഴ്ചയോളം ജലവിതരണം നടത്തിയിരുന്നതിനാൽ പ്രധാന കനാലുകളുടെ ചില ഭാഗങ്ങൾ നേരത്തെതന്നെ ഭാഗികമായി വൃത്തിയാക്കിയിരുന്നു.
ശേഷിക്കുന്ന ഭാഗങ്ങളിലെ തടസങ്ങൾ നീക്കംചെയ്ത് രണ്ടാംവിള ജലവിതരണത്തിന് കനാലുകളെ സജ്ജമാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.
55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി അണക്കെട്ടിൽ നിലവിൽ 38.5 അടി വെള്ളമാണുള്ളത്. ജലലഭ്യത കണക്കിലെടുത്ത് ഇടവേളകൾ ക്രമീകരിച്ച് ഏകദേശം 40 ദിവസത്തോളം ജലവിതരണം നടത്താൻ കഴിയുമെന്നാണ് ജലസേചന വകുപ്പ് അധികൃതരുടെ വിലയിരുത്തൽ.
എന്നാൽ രണ്ടാംവിളയ്ക്കുള്ള ജലവിതരണം എപ്പോൾ ആരംഭിക്കണമെന്ന കാര്യത്തിൽ ഡാം ഉപദേശകസമിതി യോഗത്തിനുശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ.
Tags :