തൃശൂർ: ഗവ. മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗത്തിൽനിന്നു നിർണായക കേസുകളുടെ ഉൾപ്പെടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ വൈകുന്നു. മോർച്ചറിയിൽ പോസ്റ്റ്മോർട്ടം ടൈപ്പിസ്റ്റിന്റെ അഭാവത്തെത്തുടർന്ന് തൃശൂർ, പാലക്കാട് ജില്ലകളിലുള്ള ഇരുനൂറോളം റിപ്പോർട്ടുകളാണു വൈകുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ റിപ്പോർട്ടുകളാണു ലഭിക്കാനുള്ളതെന്നും അന്വേഷണത്തെ ബാധിക്കുന്നെന്നും പൊലിസ്.
സാധാരണഗതിയിൽ പ്രാഥമിക റിപ്പോർട്ട് ലഭിക്കുമെങ്കിലും വിശദമായ റിപ്പോർട്ട് മൂന്നു ദിവസത്തിനുള്ളിൽ ലഭിച്ചില്ലെങ്കിൽ കേസുകളുടെ അന്വേഷണത്തെ ബാധിക്കും. ഒരുമാസം 150 മുതൽ 200 പോസ്റ്റ്മോർട്ടങ്ങളാണ് മെഡിക്കൽ കോളജിൽ നടത്തുന്നത്. റിപ്പോർട്ട് തയാറാക്കാൻ രണ്ടുപേർ വേണമെന്നിരിക്കേ, നിലവിലെ ടൈപ്പിസ്റ്റിനെ മെഡിക്കൽ കോളജ് ഓഫിസിലേക്കു മാറ്റി.
സാധാരണഗതിയിൽ അഞ്ചു പേജുവരെയാണു റിപ്പോർട്ട്. കൊലപാതകസാധ്യതകൾ ഉൾപ്പെടെയുള്ള കേസുകളിൽ പത്തുപേജുവരെയുണ്ടാകും. കോടതിയിൽ സമർപ്പിക്കേണ്ടതിനാൽ സൂക്ഷ്മമായി റിപ്പോർട്ട് സൂക്ഷ്മപരിശോധനയ്ക്കും വിധേയമാക്കേണ്ടിവരും. ഇതിന് ഒരു ദിവസംതന്നെ വേണ്ടിവരും. തൃശൂരിലെ 45 സ്റ്റേഷനുകളിലും പാലക്കാട് ജില്ലയിലെ 39 സ്റ്റേഷനുകളിലും റിപ്പോർട്ട് ചെയ്യുന്ന കൊലപാതകം ഉൾപ്പെടെയുള്ള അസ്വാഭാവികമരണങ്ങളാണു തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് എത്തിക്കുന്നത്.
സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും രാവിലെ പത്തുമുതൽ വൈകീട്ടു നാലുവരെയാണു പോസ്റ്റ്മോർട്ടം നടത്താറ്. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈകിട്ട് ഏഴുവരെ നടത്തിയിരുന്നു. ആത്മഹത്യ ഉൾപ്പെടെയുള്ള കേസുകളിൽ നടപടിക്രമങ്ങളുടെ ഭാഗമായി നടത്തുന്ന പോസ്റ്റ്മോർട്ടം അതതു ദിവസങ്ങളിൽ പൂർത്തിയാക്കുന്നതു ജനങ്ങൾക്കും സൗകര്യപ്രദമായിരുന്നു. നിലവിൽ രണ്ടു കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്റുമാരുണ്ടെങ്കിലും അവർക്കു ജോലിഭാരമേറെയാണ്. റിപ്പോർട്ട് ലഭിക്കാനുള്ള കാലതാമസം ഇൻഷ്വറൻസ് ക്ലെയിം ഉൾപ്പെടെയുള്ളവയെയും ബാധിക്കും.
Tags :