കോയമ്പത്തൂർ: പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ സ്ഥാപിച്ച ഹോർഡിംഗുകൾക്കും ബാനറുകൾക്കുമെതിരേ കർശന നടപടിയുമായി കോയമ്പത്തൂർ സിറ്റി മുനിസിപ്പൽ കോർപറേഷൻ. ജൂൺ മുതൽ നവംബർ ഒന്ന് വരെയുള്ള കാലയളവിൽ നിയമലംഘകരിൽനിന്ന് 11.68 ലക്ഷം രൂപ പിഴ ഈടാക്കി.
നഗരത്തിലെ അഞ്ച് സോണുകളിലും കോർപറേഷന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ട്. അനധികൃത പരസ്യബോർഡുകളും ബാനറുകളും കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും തടസമാകുന്നതിനു പുറമേ ഗതാഗതക്കുരുക്കിനും പൊതുജനാരോഗ്യ-സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാകുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.
കടയുടമകൾ, വാണിജ്യ സ്ഥാപനങ്ങൾ, രാഷ്ട്രീയ സംഘടനകൾ, പരിപാടികളുടെ സംഘാടകർ, പൊതുജനങ്ങൾ എന്നിവർ റോഡുകളിലും സർക്കാർ ഓഫീസുകൾക്കു സമീപവും പൊതുസ്ഥലങ്ങളിലും അനുമതിയില്ലാതെ ഹോർഡിംഗുകളോ ബാനറുകളോ പരസ്യബോർഡുകളോ സ്ഥാപിക്കരുതെന്ന് കോർപറേഷൻ കമ്മിഷണർ കട്ട രവി തേജ നിർദേശിച്ചു.
നിയമം ലംഘിക്കുന്നവർക്കെതിരേ കർശനനടപടികൾ സ്വീകരിക്കുമെന്നും അനധികൃത പരസ്യസാമഗ്രികൾ നീക്കം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി.
Tags :