മാനന്തവാടിയിലെ ഒരു തുണിക്കട
മാനന്തവാടി: തിരുവോണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങുന്പോൾ പുത്തൻ ട്രെൻഡുകളുമായി സജീവമാണ് വസ്ത്ര വിപണി. ഇത്തവണത്തെ വസ്ത്രവിപണിയിൽ പരന്പരാഗത തനിമയ്ക്കൊപ്പം മോഡേണ്‍ ഫ്യൂഷൻ ഡിസൈനുകളാണ് ട്രെൻഡ്. ഷർട്ടുകൾ, ബ്ലൗസുകൾ, ദാവണികൾ, ഫ്രോക്കുകൾ എന്നിവയിലെല്ലാം റെട്രോ ലുക്ക് നൽകുന്ന മദ്രാസ് ചെക്ക് ഡിസൈനുകളും മൽകോട്ടണ്‍, ടിഷ്യു സിൽക്ക്, ചന്തേരി സിൽക്ക്, പ്രിന്റഡ് സെറ്റ് സാരികളെല്ലാം ട്രെൻഡുകളിൽ മുൻപന്തിയിലാണ്.
തിരുവോണം കളർ ആക്കാൻ സജീവമാവുകയാണ് ജില്ലയിലെ വസ്ത്ര വിപണി. പരന്പരാഗത കസവുസാരികൾക്കൊപ്പം ഭാരം കുറഞ്ഞ മൽകോട്ടണ്‍, ടിഷ്യൂ സിൽക്ക്, സെമി ചന്തേരി സിൽക്ക്, പ്രിന്റഡ് സെറ്റ് സാരികൾ, കല്യാണി കോട്ടണ്‍, ടെസർ സിൽക്ക് ബാംബു ടെസർ എന്നിവയ്ക്കാണ് ഇത്തവണ ആവശ്യക്കാർ കൂടുതൽ. പരന്പരാഗത ലുക്കിനൊപ്പം ആധുനികത കൂടി ചേർക്കുന്ന ഫ്യൂഷൻ മോഡലുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കസവുമുണ്ടിനൊപ്പം ജോടിയാക്കാൻ ലിനൻ ഷർട്ടുകൾ, വിവിധ മോഡൽ കുർത്തകൾ, സിംഗിൾ കളർ ഷർട്ടുകളും എന്നിവ വിപണിയിൽ സജീവമാണ്.
സ്കൂളുകൾ, കോളജുകൾ, ഐടി സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫിസുകൾ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പ് ഡ്രസ്കോഡുകളാണ് വിപണിയിലെ പ്രധാന ആകർഷണം. ആഴ്ചകൾക്ക് മുൻപേ ബൾക്ക് പർച്ചേസുകൾ ആരംഭിച്ചിരുന്നു. ഇൻസ്റ്റഗ്രാം, റീൽസ് ട്രെൻഡുകളും ഇത്തവണത്തെ വസ്ത്രവിപണിയെയും ഫാഷൻ സങ്കൽപ്പങ്ങളെയും വലിയതോതിൽ സ്വാധീനിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.