പ്രതീകാത്മക ചിത്രം
കോഴഞ്ചേരി: ഓണം നാളുകൾ സമാഗതമായതോടെ പട്ടണ, ഗ്രാമ പ്രദേശങ്ങളില്‍ വസ്ത്രവിപണി സജീവമായി. പച്ചക്കറി, പലചരക്ക്, പഴവര്‍ഗ വിപണിയേക്കാള്‍ ഇത്തവണ ഓണ വസ്ത്രവ്യാപാര മേഖല സജീവമായിട്ടുണ്ട്. നേരത്തേ പട്ടണങ്ങളിലായിരുന്നു തിരക്കെങ്കില്‍ ഇക്കുറി നാട്ടിന്‍പുറങ്ങളിലെ വസ്ത്രശാലകളിലും തിരക്ക് തുടങ്ങി. തമിഴ്നാട്ടില്‍ നിന്നുള്ള കച്ചവടക്കാര്‍ ഓണക്കോടി ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളുമായി തവണ വ്യവസ്ഥയിലുള്ള വ്യാപാരവുമായി രംഗത്തുണ്ട്. കോളനികള്‍, അതിഥിത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇത്തരക്കാരുടെ വിപണനം. കോഴഞ്ചേരി, പുല്ലാട്, നാരങ്ങാനം, ഇരവിപേരൂര്‍, വെണ്ണിക്കുളം, തടിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ഓണവ്യാപാരികളുടെ തിരക്കുണ്ട്.
ഓണാഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകുന്ന വസ്ത്രവിപണിയില്‍ ജെന്‍സികളുടെ തിരക്കും ഏറിവരികയാണ്. വിലക്കുറവും ആകര്‍ഷകമായ സമ്മാനങ്ങളുമായാണ് വസ്ത്രവിപണിയിലേക്ക് യുവജനതയെയും വീട്ടമ്മമാരെയും ആകർഷിക്കുന്നത്. ഓണ്‍ലൈന്‍ വ്യാപാരവും തകൃതിയാണെങ്കിലും കടകളില്‍ നേരിട്ടെത്തി വസ്ത്രം തെരഞ്ഞടുക്കുന്നതാണ് ഇപ്പോഴത്തെ രീതി. പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കാന്‍ പറ്റിയ സമയവും ഓണം തന്നെ. തെരുവു കച്ചവടക്കാരും ഓണം പ്രമാണിച്ച് നിരത്തുകളില്‍ സജീവം. ഡിസ്കൗണ്ട് നിരക്കുകളുമായി ഖാദി, കൈത്തറി വ്യാപാരവും ഉഷാറാണ്.
പുരുഷന്മാര്ക്കായി പരമ്പരാഗത ശൈലിയിലുള്ള മുണ്ടുകള്‍, കോട്ടണ്‍ കൂര്‍ത്തകള്‍, കോട്ടണ്‍ സില്‍ക് കൂര്‍ത്തകള്‍, മല്ഗോട്ടണ് കൂര്‍ത്തകള്‍ ചേര്‍ന്ന കോംബോ ഓഫറുകള്‍ എന്നിവയ്ക്കും ആവശ്യക്കാരേറെ. കഥകളി രൂപങ്ങള്‍. പൂക്കള്‍, കസവ് ഡിസൈന്‍ എന്നിവ പ്രിന്റ് ചെയ്ത ഷര്‍ട്ടുകള്‍ ഇത്തവണത്തെ പ്രധാന ആകര്‍ഷണമാണ്.
സ്ത്രീകള്‍ക്കായുള്ള മല്‍കോട്ടണ്‍, ഓര്‍ഗന്‍സ, ടിഷ്യൂ സാരികള്‍ ഇപ്പോള്‍ വിപണിയില്‍ ട്രെന്‍ഡിംഗ് ആണ്. കസവ് സാരികള്‍, ധാവണി, പട്ട് പാവാട എന്നിവയുടെ പുതിയ സ്റ്റോക്കുകളും കടകളില്‍ എത്തിയിട്ടുണ്ട്. കുത്താമ്പള്ളി, ബാലരാമപുരം മുണ്ടുകളും സാരികളും ഇപ്പോള്‍ നാട്ടിൻപുറങ്ങളിലെ വസ്ത്രശാലകളിലും ലഭ്യമായിത്തുടങ്ങി. വസ്ത്ര വിപണിയില്‍ പരമ്പരാഗ തനിമ നിലനിര്‍ത്തുന്ന ആധുനിക ഫാഷന്‍ ട്രെന്‍ഡുകളാണ് ഇപ്പോള്‍ തരംഗമാകുന്നത്.
ഓണാഘോഷത്തിന് ട്രെന്‍ഡി ലുക്ക് ഉള്ള വസ്ത്രങ്ങള്‍ക്കായി വിദ്യാര്‍ഥികളും തിരക്കു കൂട്ടുന്നുണ്ട്. ബ്ലോക്ക് പ്രിന്റഡ് കോട്ടണ്‍ സാരികള്‍, ലെയര്‍ഡ് കൂര്‍ത്തകള്‍, സിംപിള്‍ കൂര്ത്തി പാന്റ് സെറ്റുകള്‍ എന്നിവയാണ് ഓണം കളറാക്കാന്‍ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്നത്. കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരേ ഡിസൈനിലുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന രീതിയും ഫാഷന്‍ പ്രേമികളായ കുടുംബങ്ങള്‍ക്കിടയില്‍ പതിവായിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ മഴ മാറി നില്‍ക്കുന്നത് വിപണിയില്‍ ആശ്വാസമാകുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
Tags : Nattuvishesham Local News Clothing traders