ചെമ്മനത്തുകര ഗവ. യുപി സ്കൂളിൽ തെങ്ങിൻതൈ നടുന്നു.
വൈക്കം: നഗരസഭ, കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക നാളികേര ദിനാഘോഷവും തെങ്ങിൻതൈ നടീലും നടത്തി. അയ്യർകുളങ്ങര ഗവൺമെന്റ് യുപി സ്കൂളിൽ നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ സ്കൂൾ വളപ്പിൽ നാലു വർഷത്തിനകം കായ്ഫലം ലഭിക്കുന്ന ഹൈബ്രിഡ് തെങ്ങിൻതൈ നട്ട് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. തെങ്ങിൽനിന്ന് ലഭിക്കുന്ന വിവിധ വസ്തുക്കൾ ഉപയോഗിച്ച് വിദ്യാർഥികൾ തയാറാക്കിയ ഉത്പന്നങ്ങളുടെ പ്രദർശനവും നടന്നു.
പിടിഎ പ്രസിഡന്റ് ഇ.ജി. സാബു അധ്യക്ഷത വഹിച്ചു. നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. രാജശേഖരൻ, മുൻ ചെയർപേഴ്സണും നഗരസഭാ കൗൺസിലർമാരുമായ ഡി. രഞ്ജിത് കുമാർ, രേണുക രതീഷ്, നഗരസഭാ കൗൺസിലർ ഗിരിജകുമാരി, സ്കൂൾ ഹെഡ്മിസ്ട്രസ് അമ്പിളി ജയൻ, സ്റ്റാഫ് സെക്രട്ടറി സതീഷ് വി. രാജ്, കൃഷി ഉദ്യോഗസ്ഥരായ മെയ്സൺ മുരളി, സിജി തുടങ്ങിയവർ പങ്കെടുത്തു.
ടിവി പുരം: ലോക നാളികേര ദിനാഘോഷത്തിന്റെ ഭാഗമായി ടിവി പുരം പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെമ്മനത്തുകര ഗവൺമെന്റ് യുപി സ്കൂളിൽ കുട്ടികൾക്കായി നാളികേര കൃഷി വികസന സന്ദേശ സദസ് നടത്തി.
പിടിഎ പ്രസിഡന്റ് ടി.എം. മജീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു സ്കൂൾ വളപ്പിൽ തെങ്ങിൻ തൈനട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ, കൃഷി ഓഫീസർ ആർ.എം. ചൈതന്യ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിയമ്മ അശോകൻ, വാർഡ് മെംബർ ദീപ ബിജു തുടങ്ങിയവർ സംബന്ധിച്ചു.
കുറവിലങ്ങാട്: കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിൽ ലോക നാളികേര ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ തെങ്ങിൻതൈ നട്ട് ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം മിനി മത്തായി, ഫാം സൂപ്രണ്ട് ഹണി ലിസ ചാക്കോ, കൃഷി ഓഫീസർമാരായ വി. വിദ്യ, അലൻ സി. ആന്റണി, കൃഷി അസിസ്റ്റന്റുമാരായ സി.ജി. ചന്ദ്രവീണ, വി.ആർ. റീതു, അജയകുമാർ, ഫാം കൗൺസിൽ അംഗങ്ങളായ സണ്ണി ചിറ്റക്കോടം, സദാനന്ദ ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.