കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ ബസ്സ്റ്റാൻഡ് കെട്ടിടത്തിന്റെ സൺഷേഡിൽ നിന്ന് കോൺക്രീറ്റ് പാളികൾ ഷീറ്റിനു മുകളിലേക്ക് അടർന്നുവീണ നിലയിൽ.
കാഞ്ഞങ്ങാട്: കോട്ടച്ചേരി പഴയ ബസ്സ്റ്റാൻഡ് കെട്ടിടത്തിൽ നിന്നു വീണ്ടും കോൺക്രീറ്റ് പാളികൾ അടർന്നുവീണു. യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ഭാഗത്തെ സൺഷേഡ് സ്ലാബിൽ നിന്നാണ് കോൺക്രീറ്റ് പാളികൾ അടർന്നുവീണത്. സൺഷേഡിനു താഴെ ഷീറ്റിട്ടിരുന്നതിനാൽ ഇവ യാത്രക്കാരുടെ തലയിൽ വീഴാതെ കാത്തു. പല തവണയായി അടർന്നുവീണ കോൺക്രീറ്റ് കഷ്ണങ്ങൾ ഷീറ്റിനു മുകളിൽ ചിതറിക്കിടക്കുകയാണ്.
മേൽക്കൂരയിൽനിന്നും സൺഷേഡിൽ നിന്നും കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നതും ചുവരുകളിൽ വിള്ളലുകളും ഈർപ്പവും പടരുന്നതും ചൂണ്ടിക്കാട്ടി ബസ്സ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിലാണെന്ന കാര്യം നാട്ടുകാരും ബസ് ജീവനക്കാരും പലതവണ നഗരസഭയുടെ ശ്രദ്ധയിൽപെടുത്തിയതാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കെട്ടിടത്തിന്റെ ബലപരിശോധന നടത്താൻ എൻജിനിയർമാരടങ്ങിയ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തുടർനടപടികളൊന്നും ഉണ്ടായില്ല.
സ്റ്റാൻഡിനുള്ളിലേക്ക് വാഹനങ്ങൾ കടന്നുപോകുന്ന റോഡിനു സമീപം കെട്ടിടത്തിന്റെ ചുവരിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ഇടക്കാലത്ത് ഇതുവഴി ഗതാഗത നിയന്ത്രണം പോലും ഏർപ്പെടുത്തിയിരുന്നു. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും കോൺക്രീറ്റ് അടർന്നുവീണ് ദ്രവിച്ച കമ്പികൾ പുറത്തുകാണാവുന്ന നിലയിലാണ്. തൂണുകളിലും വിള്ളലുകളുണ്ട്. കോട്ടയത്ത് സർക്കാർ ആശുപത്രിയുടെ പഴയ കെട്ടിടം തകർന്നുവീണ സംഭവത്തിനു പിന്നാലെ കാഞ്ഞങ്ങാട് ബസ്സ്റ്റാൻഡ് കെട്ടിടത്തിന്റെ കാര്യത്തിലും ജാഗ്രത വേണമെന്ന ആവശ്യം വ്യാപകമായി ഉയർന്നതാണ്. 40 വർഷം മുമ്പ് കാഞ്ഞങ്ങാട് പഞ്ചായത്തായിരുന്ന കാലത്താണ് ബസ്സ്റ്റാൻഡ് കെട്ടിടം നിർമിച്ചത്.
നീലേശ്വരം നഗരസഭയിൽ കാലപ്പഴക്കമുണ്ടായിരുന്ന കെട്ടിടം ബലക്ഷയത്തെ തുടർന്ന് പൊളിച്ചുനീക്കി പുതിയ ബസ്സ്റ്റാൻഡ് കെട്ടിടം നിർമിച്ചതുപോലെ കാഞ്ഞങ്ങാട്ടും വേണമെന്ന ആവശ്യമാണ് ഉയരുന്നത്. നീലേശ്വരത്തു ചെയ്തതുപോലെ യാർഡിന്റെ മറുവശത്ത് പുതിയ കെട്ടിടം നിർമിക്കുകയാണെങ്കിൽ വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകൾക്ക് നിർത്താൻ കൂടുതൽ സ്ഥലസൗകര്യം ലഭിക്കുമെന്നും നാട്ടുകാരും ബസ് ജീവനക്കാരും ചൂണ്ടിക്കാട്ടുന്നു. നീലേശ്വരത്ത് ചെയ്തതുപോലെ കെട്ടിടത്തിന്റെ വലിപ്പവും മുറികളുടെ എണ്ണവും വർധിപ്പിക്കുന്നതിലൂടെ നഗരസഭയ്ക്ക് കൂടുതൽ വരുമാനവും ഉറപ്പുവരുത്താനാകും.