ചേർത്തല താലൂക്ക് ഓഫീസിലെ ഭൂരേഖ തഹസിൽദാരുടെ കീഴിലുള്ള ഹൗസിംഗ് സെക്ഷനിലുള്ളിലെ കെട്ടിടത്തിന്റെ മുകളിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണ നിലയില്‍.
ചേർത്തല: താലൂക്ക് ഓഫീസിലെ കെട്ടിടത്തിനുള്ളിൽ മുകളിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു. ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് കെട്ടിടം. ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. താലൂക്ക് ഓഫീസിൽ ഭൂരേഖ തഹസിൽദാരുടെ കീഴിലുള്ള ഹൗസിംഗ് സെക്ഷനിലുള്ളിലാണ് കമ്പ്യൂട്ടറിന്റെ മുകളിൽ അടക്കം കോൺക്രീറ്റ് പാളികൾ അടർന്നുവീണത്. 68 ഓളം ജീവനക്കാരാണ് ഇവിടെയുള്ളത്.
തകര്‍ന്നുവീഴാറായ ഓഫീസ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി മറ്റൊരു കെട്ടിടത്തിലേക്ക് താത്കാലികമായി പ്രവര്‍ത്തനം മാറ്റാന്‍ തീരുമാനം ഉണ്ടായിരുന്നെങ്കിലും ആ കെട്ടിടത്തിന്റെ വാടകയെചൊല്ലി തര്‍ക്കം ഉടലെടുത്തതിനാല്‍ പ്രവര്‍ത്തനം മാറ്റുന്നത് നീളുമ്പോഴായിരുന്നു അപകടം. ഓഫീസിലേക്ക് ജീവനക്കാരും പൊതുജനങ്ങളും എത്തിത്തുടങ്ങുന്ന സമയമായിരുന്നു ഇത്.
അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല. കെട്ടിടത്തിന്റെ ഭിത്തികളിലും മേൽക്കൂരയിലും പലയിടത്തും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. മിക്ക ഭാഗങ്ങളും അടർന്ന് വീഴാറായ നിലയിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതാണ് കെട്ടിടം ജീർണിച്ചതിനു കാരണമെന്ന് ആക്ഷേപമുണ്ട്. മഴക്കാലം ശക്തമായതോടെയാണ് കെട്ടിടത്തിന്റെ സ്ഥിതി കൂടുതൽ വഷളായത്.
ഭൂമി സംബന്ധമായ രേഖകൾക്കും അനുബന്ധ ഇടപാടുകൾക്കുമായി ദിവസവും നൂറുകണക്കിന് പേരാണ് ഭൂരേഖ തഹസിൽദാരുടെ ഓഫീസിൽ എത്തുന്നത്. പൊതുജനങ്ങളുടെയും ജീവനക്കാരുടെയും ജീവന് ഭീഷണിയായ ഈ കെട്ടിടത്തിനു പകരം സുരക്ഷിതമായ സംവിധാനം ഒരുക്കണമെന്നും അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.
Tags : Nattuvishesham District news