പ്രതീകാത്മക ചിത്രം
നെടുമങ്ങാട് : അരുവിക്കര പഞ്ചായത്തിനു മുന്നിൽ കോൺഗ്രസ് അംഗം നടത്തുന്ന നിരാഹാര സമരത്തിൽ ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷജിതയും വൈസ് പ്രസിഡന്റ് വി. വിജയൻ നായരും പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഹരിതകർമസേന നിയമനവും വാർഡുകളിലെ അറ്റകുറ്റപ്പണിക്കുള്ള ഫണ്ട് വിഭജനവുമാണ് അംഗം ആക്ഷേപമായി ഉയർത്തുന്നത്. ഹരിതകർമസേനയുടെ നിയമന നടപടികൾ മുൻകാലങ്ങളിൽ സ്വീകരിച്ചിരുന്ന മാനദണ്ഡങ്ങളും നടപടി ക്രമങ്ങളും പാലിച്ചാണ് പൂർത്തിയാക്കിയത്. ആറ് ഒഴിവിലേക്കായി 11 അപേക്ഷകൾ സിഡിഎസിൽ ലഭിച്ചു. അതിൽ മൈലം വാർഡിൽ ഒന്നാമത്തെ വ്യക്തി ഏപ്രിൽ 10 നും രണ്ടാമത്തെ വ്യക്തി മേയ് 25നുമാണ് അപേക്ഷ നൽകിയത്. വാർഡിൽ ഒരു ഒഴിവാണ് ഉണ്ടായിരുന്നത്.
അവിടെ ആദ്യം ലഭിച്ച അപേക്ഷ പരിഗണിച്ചു. എന്നാൽ, മെമ്പർ ശുപാർശ ചെയ്ത ആളിന് അധിക ഒഴിവില്ലാത്തതിനാൽ മൈലം വാർഡിനോട് ചേർന്നു കിടക്കുന്ന തൊട്ടടുത്ത വാർഡിൽ നിയമനം നൽകുകയും ചെയ്തു. അങ്ങനെ നിയമനം കൊടുത്തിട്ടും മറ്റെന്തോ താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് മെമ്പർ നിരാഹാരം നടത്തുന്നതെന്നും അവർ പറഞ്ഞു.
അടിസ്ഥാന രഹിതവും വസ്തുത വിരുദ്ധവുമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച സർക്കാരിന്റെ പരാജയത്തിൽനിന്നു ശ്രദ്ധ തിരിക്കുന്നതിനാണെന്നും സമര നാടകത്തെ ജനങ്ങൾ തള്ളിക്കളയുമെന്നും അവർ പറഞ്ഞു. പി. സിമി,വി. ശശികുമാർ ബി.എസ്. രഞ്ജിത എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Nattuvishesham Local News hunger strike Panchayat President