പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കുറവൻകോണത്ത് അനധികൃതമായി നടത്തി വന്നിരുന്ന നാലുനില കെട്ടിടത്തിന്റെ നിർമാണം കോർപറേഷൻ തടഞ്ഞു. ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നഗരസഭാ ഉദ്യോഗസ്ഥരെത്തിയാണ് നിർമാണ പ്രവൃത്തികൾ തടഞ്ഞത്. ഒരാഴ്ച മുമ്പ് നഗരസഭ ടൗൺ പ്ലാനിംഗ് സ്ക്വാഡ് മ്യൂസിയം പൊലിസിന്റെ
സാന്നിധ്യത്തിൽ സ്റ്റോപ് മെമ്മോ കൊടുത്ത് തടഞ്ഞ കെട്ടിടമാണ് ഇന്നലെ രഹസ്യമായി പണി പുനരാരംഭിച്ചത്. നിർമാണച്ചട്ടങ്ങളെല്ലാം ലംഘിച്ച് നഗരസഭയുടെ അനുമതികളൊന്നും ഇല്ലാതെയാണ് നിർമാണം നടത്തിയത്. അനധികൃത നിർമാണ പ്രവർത്തനങ്ങൾ തടയാൻ നഗരസഭാ ടൗൺ പ്ലാനിംഗ് വിഭാഗത്തിനൊപ്പം പൊലിസിന്റെക്കൂടി കാര്യക്ഷമമായ ഇടപെടൽ ഉറപ്പാക്കുമെന്നും അനുമതിയില്ലാത്ത നിർമാണങ്ങൾ പൊളിച്ചു കളയാൻ നിർദേശം നൽകുമെന്നും ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ പറഞ്ഞു.